വാഗ്ദാനം ചെയ്ത പണം തരണം; പള്‍സര്‍ സുനി ദിലീപിന് എഴുതിയ കത്ത് പുറത്ത്കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പള്‍സര്‍ സുനി തടവിലിരിക്കെ നടന്‍ ദിലീപിന് എഴുതിയ കത്ത് പുറത്ത്. സ്വകാര്യ ചാനലുകളാണ് കത്ത് പുറത്തുവിട്ടത്. ദിലീപിന് നല്‍കാന്‍ സഹതടവുകാരന്‍ കൈവശം പള്‍സര്‍ സുനി കൊടുത്തുവിട്ടെന്ന് പറയപ്പെടുന്ന കത്താണ് ചാനലുകള്‍ പുറത്തുവിട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. നടിയുമായി അടുത്ത ബന്ധമുള്ളവരും നടനോട് ശത്രുതയുള്ളവരും തന്നെ വന്ന് കാണുന്നുണ്ട്. നടനുമായി അടുപ്പമുള്ള സംവിധായകരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കത്ത് എഴുതുന്നതെന്നും പറയുന്നു. ഈ കേസില്‍പെട്ടതോടുകൂടി തന്റെ ജീവിതം തന്നെ അവസാനിച്ചപോലെയാണെന്നും തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെക്കൂടി സുരക്ഷിതരാക്കണമെന്നും കത്തില്‍ പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. കത്ത് കിട്ടി മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും ചാനല്‍ പുറത്തുവിട്ട കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് കാണിച്ച് നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ഡിജിപിക്ക് പരാതി നല്‍കി. ഫോണ്‍ സംഭാഷണം അടക്കമുള്ള രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. ദിലീപിന്റെ പേര് പറയാതിരിക്കാന്‍ ഒന്നര കോടി രൂപ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
പള്‍സര്‍സുനി പണമാവശ്യപ്പെട്ട് നടന് എഴുതിയ കത്ത് സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ദിലീപ് പരാതി നല്‍കിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.RELATED STORIES

Share it
Top