പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന് സസ്‌പെന്‍ഷന്‍; ലീഗ് നേതാവ് പാര്‍ട്ടിവിട്ടു

തലശ്ശേരി: പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനു സസ്‌പെന്‍ഷനിലായ മുസ്്‌ലിം ലീഗ് നേതാവ് പാര്‍ട്ടിവിട്ടു. തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ഒ കെ മമ്മൂട്ടി ഹാജിയാണ് വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചത്. 56 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിച്ച തന്നെ ചെയ്ത തെറ്റെന്തെന്ന് അറിയിക്കാതെ തലശ്ശേരിയിലെ മൂവര്‍സംഘം നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ നീക്കത്തില്‍ ദുഖിതനായാണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ മട്ടാമ്പ്രം പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ആറുമാസത്തിനു ശേഷം ലീഗ് നേതാവ് വഴി കമ്മിറ്റിക്കെതിരേ വഖ്ഫ് ബോര്‍ഡില്‍ കേസ് കൊടുത്തു. എന്നാല്‍ കേസ് പരാജയപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് തന്നെ സസ്‌പെന്‍ഡ് ചെയ്തത്  പാര്‍ട്ടി പത്രത്തിലുടെയാണ് അറിഞ്ഞത്. തലശ്ശേരി മണ്ഡലം കമ്മിറ്റിയിലെ മൂവര്‍ സംഘത്തിന്റെ സ്വാധീനത്താലാണു നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തത്. നിലവില്‍ പള്ളി സെക്രട്ടറിയായ താന്‍ തുടര്‍ന്നും മല്‍സരിക്കണമെന്ന് കമ്മിറ്റി അംഗങ്ങളും പ്രദേശവാസികളും നിര്‍ബന്ധിച്ചതിനാലാണ് മല്‍സരിച്ചത്.എന്നാല്‍ ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പില്‍ 500ഓളം പുതിയ വോട്ടുകള്‍ ചേര്‍ത്ത് തന്റെ പാനലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും 15 വോട്ടിന്റെ ഭൂരിപക്ഷത്തിനു മാത്രമാണ് എതിര്‍പാനല്‍ ജയിച്ചത്. പള്ളി കമ്മിറ്റിയില്‍ മല്‍സരിച്ചാല്‍ ലീഗില്‍നിന്ന് എന്തിനാണ് സസ്‌പെന്‍ഡ് ചെയ്യുന്നതെന്നു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top