പള്ളി ഇമാമിന്റേയും പേരക്കുട്ടിയുടേയും മരണം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

കരുനാഗപ്പള്ളി: ഇസ്മായില്‍കുട്ടി മുസ്‌ല്യാരുടേയും പേരക്കുട്ടി അയ്ദയുടേയും ദാരുണ അന്ത്യം കുലശേഖരപുരം കടത്തൂര്‍ പ്രദേശമാകെ ദുഃഖത്തിലാഴ്ത്തി. അമ്പിശ്ശേരി തൈക്കാവിലെ ഇമാമും മദ്‌റസാ അധ്യാപകനുമായ ഇസ്മായില്‍ കുട്ടി മുസ്‌ല്യാരാണ് എല്ലാ ദിവസവും മകള്‍ ഫെമിനയുടെ കുട്ടിയായ അയ്ദയെ രാവിലെ നഴ്‌സറി സ്‌കൂളില്‍ കൊണ്ടുവിടുകയും വൈകീട്ട് വിളിച്ചു കൊണ്ടുവരുകയും ചെയ്യുന്നത്.നഴ്‌സറി സ്‌കൂളിനും വീടിനുമിടയില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസ് കടന്നു വേണം വീട്ടിലെത്താന്‍. പതിവുപോലെ കഴിഞ്ഞ ദിവസം നഴ്‌സറി സ്‌കൂളില്‍ പോയി കുട്ടിയെ വിളിച്ചു കൊണ്ട് ലെവല്‍ ക്രോസിലെത്തി ട്രെയിന്‍ കടന്നു പോയതിന് ശേഷം പോകാന്‍ നില്‍ക്കുന്നതിനിടയില്‍ മറുവശത്ത് കുട്ടിയുടെ മാതാവ് വന്നു നില്‍ക്കുന്നത് കണ്ട് അയ്ദ ലെവല്‍ ക്രോസിലേക്ക് ഓടിയത്. കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി ഇസ്മായില്‍കുട്ടി മുസ്‌ല്യാരും പാളത്തിലേക്ക് ഓടിക്കയറുന്നതിനിടയില്‍ കായംകുളം ഭാഗത്തു നിന്നും വന്ന മെമു ട്രെയിന്‍ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടമറിഞ്ഞ് ജാതി മത ഭേതമന്യേ ഗ്രാമവാസികള്‍ താലൂക്കാശുപത്രിയിലേക്ക് ഒഴുകിയെത്തി.കുട്ടിയുടെ പിതാവ് താഹായും ഇസ്മായില്‍ കുട്ടി മുസ്‌ല്യാരുടെ മകന്‍ ഫൈസലും സൗദിയില്‍ നിന്ന് എത്തിയ ശേഷമാണ് ഇരുവരേയും നൂറുകണക്കിന് ബന്ധുക്കളുടേയും മദ്‌റസാ വിദ്യാര്‍ഥികളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ ചിറ്റുമൂല മുസ്്‌ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. മദ്‌റസാ അധ്യാപകനായ ഇസ്മായില്‍ കുട്ടി മുസ്‌ല്യാരെ ഒരു നോക്കു കാണാനെത്തിയ മദ്‌റസാ വിദ്യാര്‍ഥികളുടെ കരച്ചില്‍ കണ്ടു നിന്നവരെയും ദുഃഖത്തിലാഴ്ത്തി.

RELATED STORIES

Share it
Top