പള്ളിയുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
fousiya sidheek2017-06-29T11:04:44+05:30
ചിങ്ങവനം: പനച്ചിക്കാട് പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ മോഷണം. ഇന്നലെ പുലര്‍ച്ചെ പള്ളിയിലെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അള്‍ത്താരയിലുണ്ടായിരുന്ന നേര്‍ച്ചപ്പെട്ടി കോടാലിക്ക് വെട്ടിപ്പൊളിച്ച് പണം കവരുകയായിരുന്നു. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി വികാരി പറഞ്ഞു. രാവിലെ നടക്കുന്ന കുര്‍ബാനയ്ക്കു പള്ളി തുറന്നിടാന്‍ വന്ന കപ്യാരാണ് പിന്‍വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വികാരിയെ വിവരമറിയിച്ചു. ഇരുവരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പള്ളിവക സ്കൂളിനു സമീപത്തു നിന്ന് നേര്‍ച്ചപ്പെട്ടി, കോടാലി, ലിവര്‍, കരണ്ടി തുടങ്ങിയവയും കിട്ടി. മോഷ്ടാക്കള്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടായിരത്തോളം നോട്ടുകളും ചില്ലറകളും ഭണ്ഡാരപ്പെട്ടിയില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. സമീപത്തു പണി നടക്കുന്ന വീട്ടില്‍ നിന്നാണ് കോടാലിയും മറ്റും ശേഖരിച്ചത്. വിവരമറിഞ്ഞ് ചിങ്ങവനം എഎസ്ഐ സിബിച്ചനും സംഘവുമെത്തി അന്വേഷണം ആരംഭിച്ചു.