പള്ളിപ്രം ബാലന് അന്ത്യാഞ്ജലികണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പള്ളിപ്രം ബാലന് (75) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയായിരുന്നു അന്ത്യം. മുന്‍ ഹൊസ്ദുര്‍ഗ് എംഎല്‍എയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു. ബാലസംഘം യൂനിറ്റ് സെക്രട്ടറിയായി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ബാലന്‍ എഐവൈഎഫ് താലൂക്ക് സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി. വലിയന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം, സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ബികെഎംയു സംസ്ഥാന പ്രസിഡന്റ്, ഖജാഞ്ചി, ഐപ്‌സോ, കേരള ആദിവാസി യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്നീ ഭാരവാഹിത്വങ്ങളും വഹിച്ചു. 1987ല്‍ ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2006ല്‍ അവിടെനിന്നു തന്നെ ജനവിധിതേടി നിയമസഭാംഗമായി. എ പുഷ്പയാണ് ഭാര്യ. മക്കള്‍: സുനില്‍കുമാര്‍, ശെല്‍വന്‍. ഇന്നലെ രാവിലെ വാരത്തെ വീട്ടിലെത്തിച്ച മൃതദേഹം പള്ളിപ്രം അച്യുതമേനോന്‍ സ്മാരക മന്ദിരം, സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് നാലിന് പയ്യാമ്പലത്ത് സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ റീത്ത് സമര്‍പ്പിച്ചു.

RELATED STORIES

Share it
Top