പള്ളിപ്പുറത്ത് മോഷ്ടാക്കള്‍ വിലസുന്നു : നാലിടങ്ങളില്‍ മോഷണം; 16 വീടുകളില്‍ മോഷണ ശ്രമംപൂച്ചാക്കല്‍: പള്ളിപ്പുറത്ത് മോഷ്ടാക്കള്‍ അഴിഞ്ഞാടി.നാലിടത്ത് മോഷണം വിജയിച്ചപ്പോള്‍ 16 വീടുകളിലെ മോഷണശ്രമം പാളി.നാല് വീടകളില്‍നിന്ന് സ്വര്‍ണ്ണവും പണവുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മിക്കവീടുകളിലും ആളുകള്‍ ശബ്ദം കേട്ട് ഉണര്‍ന്നതിനെ തുടര്‍ന്നാണ് മോഷണശ്രമം പരാജയപ്പെട്ടത്.കരിങ്കല്ല്, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് വാതിലും ജനലും ഇളക്കിയായിരുന്നു മോഷണശ്രമം. കുത്തികാട്ട് മേരിക്കുട്ടിയുടെ വീട്ടില്‍ നിന്നും രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.കണ്ടത്തിപ്പറമ്പില്‍ പാപ്പച്ചന്റെ വീട്ടില്‍ നിന്നും 7500 രൂപയും കുട്ടികളെ അണിയിക്കുന്ന തളയും വളയും നഷ്ടപ്പെട്ടു.മാന്നനാട്ട് നികര്‍ത്തില്‍ ഷൈജുവിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന സംഘം കുട്ടികളുടെ ചെറിയ മൂന്ന് സ്വര്‍ണ്ണ മോതിരവും കവര്‍ന്നു. കണിയത്ത്പ്രകാശന്റെ പഴ്‌സ് മോഷ്ടാക്കള്‍ കൊണ്ടുപോയി.ഒരേ വാര്‍ഡില്‍ തന്നെ നികര്‍ത്തില്‍ സുരേഷ്, പാട്ടച്ചിറ മണിയന്‍,നികര്‍ത്തില്‍ ശാരദ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. കേളമംഗലം പള്ളിക്ക് കിഴക്ക് പെരുന്തനാവളി ഹരീഷ്, വാഴപ്പഴത്തില്‍ ദിവാകരന്‍, കോപ്പുഴ ലാലി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒറ്റപ്പുന്ന ഐടി സിക്ക് സമീപമുള്ള് കറുകപ്പറമ്പില്‍ രാജു, മാന്നനാട്ട് നികര്‍ത്തില്‍ ഷൈജു, വടക്കുംകര തയ്യേഴത്ത് പാലത്തിന് പടിഞ്ഞാറ്ഭാഗത്തുള്ള അരുണ്‍ നിവാസില്‍ സുരേന്ദ്രന്‍,തയ്യേഴത്ത് തറയില്‍ മോഹന്‍ദാസ്, ചക്കുംകേരി റോയി എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നു.വീടിന്റെ പുറത്തേക്കുള്ള വാതിലും ജനലും ഇളക്കിയായിരുന്നു എല്ലാ മോഷണശ്രമവും. കരിങ്കല്‍ വച്ചശേഷം കമ്പിപ്പാര ഉപയോഗിച്ച് വാതിലും ജനലും ഇളക്കുകയായിരുന്നു.ഇങ്ങനെ ചെയ്തപ്പോള്‍  പലയിടത്തും വാതിലിന്റെ ഓടാമ്പലും, കൊളുത്തും ഇളകിപ്പോയി.ചിലയിടത്ത് വാതില്‍ തകരുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വീടിനുള്ളല്‍ പ്രവേശിച്ചത്.മിക്കവീടുകളിലും ഇത്തരത്തില്‍ വാതിലും ജനലും ഇളക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. രാത്രി തന്നെ പ്രദേശവാസികളും, വിവരമറിഞ്ഞെത്തിയ ചേര്‍ത്തല പോലീസും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ബര്‍മുഡ ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണത്തിനെത്തിയതെന്നാണ് നാട്ടുകാരില്‍ നിന്നുള്ള വിവരമെന്ന് ചേര്‍ത്തല എസ്‌ഐ സി സി പ്രതാപചന്ദ്രന്‍ പറഞ്ഞു. ചേര്‍ത്തല പോലീസ് അന്വേഷണം തുടങ്ങി.

RELATED STORIES

Share it
Top