പള്ളിപ്പുറം കോട്ട, സംരക്ഷണ ജോലികള്‍ പുരോഗമിക്കുന്നു

പി എം സിദ്ദീഖ്

വൈപ്പിന്‍: ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയെന്നു വിശേഷിപ്പിക്കുന്ന പള്ളിപ്പുറം കോട്ടയുടെ സംരക്ഷണ ജോലികള്‍ പുരോഗമിക്കുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഡിസംബര്‍ 19ന് പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. 1498ല്‍ വാസ്‌കോഡഗാമ ഇന്ത്യയിലെത്തി അഞ്ചു വര്‍ഷത്തിനകമാണു കോട്ട നിര്‍മിച്ചത്. വിദേശ അധിനിവേശത്തിന്റെ അടയാളമായി വിലയിരുത്തപ്പെടുന്ന, 1503ല്‍ നിര്‍മിച്ച പള്ളിപ്പുറംകോട്ട വൈപ്പിന്‍കോട്ട, ആയക്കോട്ട, മാനുവല്‍ക്കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്നു. പീരങ്കികള്‍ സ്ഥാപിച്ചു പടയോട്ടങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോട്ടയുടെ നിര്‍മിതി. കായല്‍വഴി എത്തുന്ന ശത്രുക്കളെ തുരത്താന്‍ പീരങ്കികള്‍ സ്ഥാപിക്കാനുള്ള വലിയ ജാലകങ്ങള്‍ നിര്‍മിതിയില്‍ പ്രധാനമാണ്.കോട്ടയില്‍ നിന്നു രക്ഷപ്പെടുന്നതിനായുള്ള തുരങ്കവും ഉണ്ടായിരുന്നു. എന്നാല്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി പിന്നീട് തുരങ്കം അടയ്ക്കുകയായിരുന്നു. ശര്‍ക്കരയും കുമ്മായവും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന സുര്‍ക്കി ഉപയോഗിച്ച് ചെങ്കല്ലും കരിങ്കല്ലും കൂട്ടിയിണക്കിയുള്ള നിര്‍മാണം അഞ്ചു നൂറ്റാണ്ടിലേറെയായിട്ടും വലിയ കേടുപാടുകളില്ലാതെ നിലകൊള്ളുന്നു. അതിവേഗം ടൂറിസ്റ്റ് ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചിയും മുസരിസ് മേഖലയും ഉള്‍ക്കൊള്ളുന്ന പ്രൊജക്റ്റിന്റെ ഒരു പ്രധാന ഭാഗമാണ് പള്ളിപ്പുറം കോട്ട. 1503ല്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ചതും തുടര്‍ന്നു ഡച്ചുകാരും തിരുവിതാംകൂറും കൈവശംവച്ചു പോന്നിരുന്നതുമായ പള്ളിപ്പുറം കോട്ടയുടെ പൈതൃക ഘടനയ്ക്കു മാറ്റമില്ലാതെയാണു സംരക്ഷണ ജോലികള്‍ നടക്കുന്നത്. മരങ്ങളുടെയും മറ്റും വേരുകള്‍ ആഴ്ന്നിറങ്ങി കോട്ടമതിലില്‍ നിന്ന് അടര്‍ന്നുപോയിട്ടുള്ള ഭാഗങ്ങളുടെ പുനര്‍ നിര്‍മാണമാണ് ആരംഭിച്ചിട്ടുള്ളത്. തുടര്‍ന്നു ടോയ്‌ലറ്റും ഓഫിസ് കാബിനും നിര്‍മിക്കും. സ്മാരകത്തോടു ചേര്‍ന്നുള്ള കുളം വൃത്തിയാക്കാനും പദ്ധതിയുണ്ട്. ആദ്യകാലത്തുണ്ടായിരുന്ന മേല്‍ക്കൂരയെക്കുറിച്ചുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ആ ഭാഗങ്ങളുടെ നിര്‍മാണം. ഭിത്തിക്ക് ഏഴടി കനവും 34 അടി ഉയരവുമുണ്ട്. 36 ലക്ഷം രൂപയാണ് സംരക്ഷണ പ്രവൃത്തിയുടെ ചെലവ് കണക്കാക്കിയിട്ടുള്ളത്. കോട്ടയ്ക്കു മുന്നില്‍ കായലിനോടു—ചേര്‍ന്നു ബോട്ട്‌ജെട്ടി നിര്‍മിച്ച് ഇപ്പോള്‍ മുസ്‌രിസ് പദ്ധതി പ്രദേശങ്ങളിലേക്കുള്ള ബോട്ട് യാത്രകളില്‍ കോട്ട ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ജെട്ടി നിര്‍മാണം മുസ്‌രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.

RELATED STORIES

Share it
Top