പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ കയറാനായില്ല

ചേലക്കര: ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളിയില്‍ ഇന്നലെയും ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. എറണാകുളം ജില്ല കോടതിയുടെ അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കുര്‍ബ്ബാന നടത്താന്‍ വികാരി. ഫാദര്‍ കെ.പി.ഐ സക്കിന്റെ നേതൃത്വത്തില്‍ പതിവ് സമയമായ ഒന്‍പതോടെ എത്തിയെങ്കിലും രാവിലെ ആറരയോടെ യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗെയ്റ്റില്‍ വിധിയില്‍ പ്രതിഷേധിച്ച് നിലയുറപ്പിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ട് ആരംഭിച്ച തര്‍ക്കങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ഇന്നലെയും തുടര്‍ന്നത്. തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.ഏലിയായ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഗെയ്റ്റില്‍ പ്രാര്‍ഥന നടത്തി. തഹസില്‍ദാര്‍ രാജു യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ തയാറായില്ല.
യാക്കോബായ വിഭാഗം പള്ളി കവാടത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവാത്തതിനാലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഗെയ്റ്റ് തുറന്നു കൊടുക്കാനാവില്ലെന്നും തഹസില്‍ദാര്‍ പറഞ്ഞു. കോടതി വിധി ഉണ്ടായിട്ടും മതിയായ സംരക്ഷണം നല്‍കാതെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചത് കോടതി വിധിയുടെ ലംഘനമാണെന്ന് ഫാ.കെ.പി. ഐസക്ക് പറഞ്ഞു. വിധി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനിരിക്കുകയാണ് ഓര്‍ത്തഡോക്‌സ് പക്ഷം. ഒരു മണിയോടെ ഓര്‍ത്തഡോക്‌സ് പക്ഷം വിശ്വാസികള്‍ പിരിഞ്ഞുപോയി. ഇതിനു ശേഷമാണ് യാക്കോബായ വിഭാഗം പ്രധാന ഗെയ്റ്റില്‍ നിന്നും പിന്‍മാറിയത്. ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 1974 മുതല്‍ പളളി റിസീവര്‍ ഭരണത്തിലാണ്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ള അനുകൂല വിധിയില്‍ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ 19 നാണ് പരിഗണിക്കുക. അതുവരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് യാക്കോബായ പക്ഷത്തിന്റെ നീക്കം. സംഘര്‍ഷത്തെ തുടര്‍ന്ന് സി.ഐ.സി.വിജയകുമാരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവുമെത്തിയിരുന്നു. സംഭവത്തെതുടര്‍ന്ന് സംസ്ഥാന പാതയില്‍ രാവിലെ മുതല്‍ ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു.

RELATED STORIES

Share it
Top