പള്ളിക്കല്‍ ആറിന്റെ പുനരുജ്ജീവനം ജലസേചന വകുപ്പിന് പറ്റിയ തെറ്റ് സര്‍ക്കാര്‍ തിരുത്തും: മന്ത്രിപഴകുളം: പള്ളിക്കല്‍ ആറില്‍ ഇറിഗേഷന്‍ വകുപ്പ് തന്നെ പല സ്ഥലങ്ങളിലും കൈയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ ആറിന്റെ വശങ്ങള്‍ കെട്ടിനല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ വകുപ്പ് തന്നെ മുന്‍കാലങ്ങളില്‍ ചെയ്ത ഈ തെറ്റായ പ്രവൃത്തി പള്ളിക്കല്‍ ആറിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമായതായും തെറ്റുകള്‍ തിരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.  ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി പള്ളിക്കല്‍ ആറിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തെങ്ങമം മണമ്പുറത്ത് ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് പലസ്ഥലങ്ങളിലും 20 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോള്‍ പലയിടത്തും ഏതാനും മീറ്റര്‍ വീതി മാത്രമാണുള്ളത്. വ്യാപകമായ കൈയേറ്റം മൂലമാണ് ഇങ്ങനെ സംഭവിച്ചത്. മറ്റൊരു വലിയ പ്രശ്‌നം ആറിന്റെ മലിനീകരണമാണ്. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും വീടുകളിലെയും മലിനജലം പള്ളിക്കല്‍ ആറിലേക്ക് ഒഴുക്കിവിടുന്നത് ആറിന്റെ തീരങ്ങളിലുടനീളം കാണാന്‍ കഴിയും. ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹോട്ടലുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സഹായം നല്‍കുന്നതോടൊപ്പം ജനങ്ങളുടെ ഇടയില്‍ ഇതു സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.  സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് വരുന്ന ചെലവുകള്‍ ശുചിത്വമിഷന്‍  വഹിക്കുന്ന കാര്യവും പരിഗണിക്കും. ആറിലെ നീരൊഴുക്ക് വേനല്‍ക്കാലത്തും ഉറപ്പുവരുത്തുന്നതിന് ഏറ്റവും പ്രധാനം വൃഷ്ടിപ്രദേശങ്ങളുടെ പുനരുജ്ജീവനമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ ഊര്‍ന്നിറങ്ങാന്‍ അവസരമുണ്ടാക്കിയാല്‍ മാത്രമേ വേനല്‍കാലത്തും നദികളില്‍ ജലസമൃദ്ധിയുണ്ടാവൂ. പള്ളിക്കല്‍ ആറിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ആറിന്റെ തീരങ്ങളിലെ കൈയേറ്റങ്ങള്‍ സര്‍വേ ചെയ്ത് ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കൈയേറ്റങ്ങള്‍ സര്‍വേ ചെയ്ത് രേഖകള്‍ തയ്യാറാക്കുന്നതിന് മന്ത്രി എഡിഎമ്മിനെ ചുമതലപ്പെടുത്തി. ജനപങ്കാളിത്തത്തോടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടൂര്‍, കുന്നത്തൂര്‍ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോവുന്ന പള്ളിക്കല്‍ ആറിന്റെ പുനരുജ്ജീവനം ജലദൗര്‍ലഭ്യവും കുടിവെള്ള ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കി കാണുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പള്ളിക്കല്‍ ആറിനെ അതിന്റെ ഗതകാല പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാവുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ശാസ്താംകോട്ട  ശുദ്ധജല തടാകത്തിന്റെ പുനരുജ്ജീവനത്തിന് ബജറ്റില്‍ തുക അനുവദിച്ചതുപോലെ വിപ്ലവകരമായ മറ്റൊരു ചുവടുവയ്പാണ് പള്ളിക്കല്‍ ആറിന്റെ പുനരുജ്ജീവന പദ്ധതിയെന്നും നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഉദാത്ത  ഉദാഹരണമായി മാറുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. എഡിഎം അനു എസ് നായര്‍, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരപ്പിള്ള, കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍, അടൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍, വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി മുരുകേഷ്, ബി സതികുമാരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായായ ജി പ്രസന്നകുമാരി, വിജു രാധാകൃഷ്ണന്‍, അജീഷ് കുമാര്‍, അടൂര്‍ ആര്‍ഡിഒ ആര്‍ രഘു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ എസ് സാബിര്‍ ഹുസയ്ന്‍, ദാരിദ്ര്യ  ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി ജി രാജന്‍ ബാബു, സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പങ്കെടുത്തു.

RELATED STORIES

Share it
Top