പള്ളിക്കര മേല്‍പാലത്തിന് 14ന് മന്ത്രി ജി സുധാകരന്‍ തറക്കല്ലിടും

കാസര്‍കോട്: കാസര്‍കോട്-കോഴിക്കോട് ദേശീയപാതയിലെ ഏക റെയില്‍വേ ലെവല്‍ക്രോസായ  നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന് 14ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തറക്കല്ലിടും. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണ് ഇതോടുകൂടി സഫലമാകുന്നത്.
പെരുമ്പാവൂരിലെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ് മേല്‍പ്പാലം നിര്‍മാണ കരാര്‍. മാര്‍ച്ച് 14ന്റെ ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനകം പണി തുടങ്ങണം. ഉത്തരവിറങ്ങി ഒരു മാസത്തിനകം ശിലാസ്ഥാപനം നിര്‍വഹിക്കുകയാണ്. 650 ദിവസത്തിനകം പണി പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. 45 മീറ്ററില്‍ നാലുവരിയുള്ള രണ്ട് മേല്‍പ്പാലങ്ങളാണ് പണിയുക. 780 മീറ്റര്‍ മേല്‍പ്പാലവും 700 മീറ്റര്‍ അനുബന്ധ റോഡും വരും. മൊത്തം ചെലവായ 64.43 കോടി രൂപയില്‍ 52.68 കോടി രൂപ നിര്‍മാണച്ചെലവാണ്. അറ്റകുറ്റപ്പണിക്കും മറ്റുമാണ് ബാക്കി തുക ചെലവാക്കുക. 22.64 കോടി മേല്‍പ്പാലത്തിനും 9.75 കോടി അനുബന്ധ റോഡിനും 4.44 കോടി അടിപ്പാതക്കും ചെലവിടും.
മേല്‍പ്പാലത്തിനായി നീലേശ്വരം, പേരോല്‍ വില്ലേജിലെ 42 പേരുടെ 2.86 ഹെക്ടര്‍ സ്ഥലം അധികമായി ഏറ്റെടുത്തിരുന്നു. ഇവര്‍ക്കായി 17,40,51,676 രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു.  ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ മിക്കവാറും സമയം ഗേറ്റ് അടച്ചിടുന്നതിനാല്‍ ഗതാഗത സ്തംഭനം പതിവായിരുന്നു. ചിലപ്പോള്‍ ഗെയ്റ്റ് തകരാര്‍ മൂലം തുറക്കാനാവാതെ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടാകാറുണ്ട്. പാലത്തിന് വേണ്ടി നിരന്തരം മുറവിളികൂട്ടിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ നിര്‍മാണം നീളുകയായിരുന്നു.
നാലുവരി ദേശീപാതയുടെ വികസനത്തിനൊപ്പം നിര്‍മാണം വൈകുമെന്ന് കണ്ട് എംപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 26 മുതല്‍ സത്യഗ്രഹം നടത്തിയിരുന്നു. ജനകീയ മുന്നേറ്റമായ സമരത്തേ തുടര്‍ന്നാണ് ടെന്‍ഡര്‍ പൂര്‍ത്തിയാക്കി പാലംപണി വേഗത്തിലാക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചത്. 14ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.
തറക്കല്ലിടല്‍ ചടങ്ങ് വിജയമാക്കുന്നതിന് വിപുലമായ സംഘാക സമിതി രുപീകരിച്ചു. സംഘാടക സമിതി രുപീകരണ യോഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top