പള്ളിക്കകത്ത് പോകിമോന്‍ ഗെയിം : റഷ്യയില്‍ ബ്ലോഗര്‍ക്ക് മൂന്നര വര്‍ഷം തടവ്‌

മോസ്‌കോ: റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിക്കകത്ത് പോകിമോന്‍ ഗോ ഗെയിം കളിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ബ്ലോഗര്‍ക്ക് മൂന്നര വര്‍ഷം തടവ്. റുസ്ലാന്‍ സൊകൊളോവ്‌സ്‌കി (22) എന്ന ബ്ലോഗര്‍ക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിക്കകത്ത് പോകിമോന്‍ ഗോ ഗെയിം കളിക്കുന്നതിന്റെ വീഡിയോ ഇയാള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. സൊകൊളോവ്‌സ്‌കിയുടെ ചെയ്തി മതവൈരം വളര്‍ത്തുന്ന തരത്തിലാണെന്നും ഇയാള്‍ കുറ്റക്കാരനാണെന്നും കോടതിവിധിയില്‍ പറയുന്നു. യുവാവ്് 160 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹിക സേവനത്തില്‍ പങ്കാളിയാവണമെന്നും പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു. സൊകൊളോവ്‌സ്‌കി അപ്‌ലോഡ് ചെയ്ത വീഡിയോ 19 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. വിചാരണത്തടവു കാലാവധി കുറച്ചായിരിക്കും ഇയാള്‍ തടവ് അനുഭവിക്കേണ്ടിവരുക. ബ്ലോഗര്‍ക്ക് തടവ്ശിക്ഷ നല്‍കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചു. വിദ്വേഷം വളര്‍ത്തല്‍, മതവികാരത്തെ അപമാനിക്കല്‍ എന്നീ  വിവാദ നിയമങ്ങള്‍ പ്രകാരം വിചാരണ ആരംഭിക്കും മുമ്പുതന്നെ ബ്ലോഗര്‍ക്കെതിരേ കുറ്റം ചുമത്തി തടവിലാക്കിയിരുന്നു.

RELATED STORIES

Share it
Top