'പള്ളികള്‍ ആരാധനകള്‍ക്ക് ഏറ്റവും ശ്രേഷ്ഠം; വിധി പുനഃപരിശോധിക്കണം '

കോഴിക്കോട്: മുസ്‌ലിംകള്‍ക്ക് ആരാധനയ്ക്ക് പള്ളി അനിവാര്യമല്ല എന്ന സുപ്രിംകോടതി വിധി മതപരമായ അജ്ഞതയില്‍ നിന്ന് രൂപപ്പെട്ടതും സ്വന്തം മതപ്രകാരം സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഭരണഘടന നല്‍കുന്ന മൗലികാവകാശത്തെ ഹനിക്കുന്നതുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ഇസ്‌ലാമിന്റെ പ്രാഥമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ, പള്ളിയിലെ നമസ്‌കാരങ്ങള്‍ക്കും ആരാധനകള്‍ക്കും ശ്രേഷ്ഠത അധികമാണെന്നു പരാമര്‍ശിച്ച് ധാരാളം പ്രസ്താവനകളുണ്ട്. പള്ളിയായി വഖ്ഫ് ചെയ്യപ്പെട്ട ഒരു സ്ഥലത്തെ കെട്ടിടം പൊളിഞ്ഞുപോയാലും പള്ളിയായിത്തന്നെ അത് എക്കാലവും നിലനില്‍ക്കും എന്നാണ് എല്ലാ മുസ്‌ലിം പണ്ഡിതന്‍മാരും ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത്.
അതിനാല്‍, നേരത്തെത്തന്നെ ഇസ്മാഈല്‍ ഫാറൂഖ് കേസില്‍ ഇക്കാര്യത്തില്‍ നടത്തിയ അനുചിതമായ വിധിപ്രസ്താവനയെ നിലനിര്‍ത്തിക്കൊണ്ട് പള്ളികള്‍ക്കുള്ള പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തില്‍ ഇപ്പോള്‍ വന്ന വിധി മുസ്‌ലിംകളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ്. മതപണ്ഡിതന്മാരുടെ അവലംബങ്ങളെ കൂടി ആസ്പദിച്ചാവണം മതപരമായ കാര്യങ്ങളിലെ കോടതിയുടെ വിലയിരുത്തലുകള്‍.
ശബരിമലയുമായി ബന്ധപ്പെട്ട് ഇന്നലെ വന്ന കേസില്‍ അഞ്ചംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച, മതപരമായ വിഷയങ്ങളില്‍ അക്കാര്യത്തില്‍ ആഴമുള്ള പരിജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കണമെന്ന നിലപാട് ആ അര്‍ഥത്തില്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിക കാര്യങ്ങളില്‍ വിധിന്യായങ്ങള്‍ ഉണ്ടാകുമ്പോള്‍ മുസ്‌ലിം പണ്ഡിതരുടെ അഭിപ്രായം ആരായുന്ന രീതിയുണ്ടാവണം. പള്ളിയുമായി ബന്ധപ്പെട്ടു നടത്തിയ വിധിപ്രസ്താവത്തില്‍ സുപ്രിംകോടതി പുനഃപരിശോധന നടത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top