പള്ളികളില്‍ കര്‍ദിനാളിന്റെ സര്‍ക്കുലര്‍ വായിച്ചു

കൊച്ചി: വിവാദ ഭൂമിയിടപാട് കേസിനെ തുടര്‍ന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ അധികാരം ഒഴിഞ്ഞുകൊണ്ടുള്ള കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയുടെ പള്ളികളില്‍ വായിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുമിച്ച് നില്‍ക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറിലൂടെ വിശ്വാസികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അധികാരമാറ്റത്തിനെ അംഗീകരിക്കുന്നില്ലെന്നും കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യുകയാണു വേണ്ടതെന്നും വിശ്വാസികളുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇന്നലെ രാവിലെ കുര്‍ബാനയ്ക്ക് ശേഷമാണ് കര്‍ദിനാളിന്റെ സര്‍ക്കുലര്‍ വായിച്ചത്. അതിരൂപതയിലെ ഭൂമി പ്രശ്‌നം സഭയുടെ ആരാധനയോ മറ്റ് വിശ്വാസകാര്യങ്ങളുമായോ ഒരുതരത്തിലുമുള്ള ബന്ധമില്ല. എന്നാല്‍ അത് സഭയുടെ ഇത്തരം കാര്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്നു സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. വിശ്വാസികള്‍ അത്തരം പ്രചാരണങ്ങളില്‍ വീണുപോവരുതെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. സിറോ മലബാര്‍ സഭയുടെ ആകെ ചുമതല വഹിക്കേണ്ടതിനാല്‍ അതിരൂപതയുടെ ഭരണകാര്യ ചുമതല സഹായ മെത്രാന് കൈമാറുകയാണെന്നാണ് സര്‍ക്കുലറിലൂടെ വിശ്വാസികളെ അറിയിച്ചത്. വിവാദമായ ഭൂമി ഇടപാട് പുറത്തുവന്നതിനുശേഷം ഇതാദ്യമായാണ് കര്‍ദിനാള്‍ വിശ്വാസികള്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കുന്നത്. എന്നാല്‍ അധികാരമാറ്റംകൊണ്ട് പ്രശ്‌നം തീരില്ലെന്നാണു വിശ്വാസികള്‍ രൂപീകരിച്ച കൂട്ടായ്മയായ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘടനയുടെ നേതൃത്വത്തില്‍ വരുംദിവസം അതിരൂപതയിലെ പള്ളികളില്‍ ഒപ്പുശേഖരണം ആരംഭിക്കും. ധാര്‍മികത മുന്‍നിര്‍ത്തി കര്‍ദിനാള്‍ സ്ഥാനത്യാഗം നടത്തിയില്ലെങ്കില്‍ കോടതിയില്‍ പോവുമെന്ന നിലപാടിലാണ് വിശ്വാസി കൂട്ടായ്മ. അതിരൂപതയിലെ വൈദികരില്‍ ചിലര്‍ മുന്‍കൈയെടുത്ത് കര്‍ദിനാളിനെതിരായ ഒപ്പുശേഖരണം നടത്തുന്നുണ്ട്. 400 ഓളം വൈദികര്‍ ഒപ്പുവച്ചുവെന്നാണു സ്ഥിരീകരിക്കാത്ത വിവരം.

RELATED STORIES

Share it
Top