പള്ളത്തടുക്ക പുഴ വറ്റിവരണ്ടു: ജലവിതരണം മുടങ്ങി; കുടിവെള്ളത്തിന് നെട്ടോട്ടം

ബദിയടുക്ക: ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതോടെ പമ്പ് ഹൗസില്‍ വെള്ളമില്ലാതായി. ഇതോടെ ബദിയഡുക്ക പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. പള്ളത്തടുക്ക പുഴയിലെ തലംപാടി ജലസംഭരണി പ്രദേശത്ത് തടയണയിലും പുഴയിലും വെള്ളം വറ്റിയതിനാല്‍ പമ്പ് ഹൗസില്‍ നിന്നും എല്ലാ വാര്‍ഡുകളിലേക്കും ജലവിതരണം നടത്താനാവുന്നില്ല. പദ്ധതി പ്രദേശത്തെ കുണ്ടാല്‍മൂലയിലെ അറുപതോളം വീടുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ജലവിതരണം നടത്തുന്നത്.
പുഴയും തടയണയും വറ്റിവരണ്ടതോടെയാണ് ഈ സ്ഥിതി. ബദിയഡുക്ക പഞ്ചായത്തിലെ മുന്ന് വില്ലേജ് പരിധിയിലെ പ്രദേശങ്ങളിലേക്ക് ശുദ്ധ ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2003ല്‍ എല്‍ഐസിയുടെ സാമ്പത്തിക സഹായത്തോടെ നാലര കോടി രൂപ ചെലവില്‍ ബദിയടുക്ക, നീര്‍ച്ചാല്‍ വില്ലേജുകളിലേക്ക് ജലവിതരണം ചെയ്യാനാണ് പദ്ധതി തയാറാക്കിയത്. ജല അതോറിറ്റിയാണ് ജലവിതരണം നടത്തുന്നത്.
ഇത്രയും ദൂരം വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകള്‍ നിറയാന്‍ മാത്രം ഒന്നരമണിക്കൂര്‍ വേണം. പമ്പ് ഹൗസില്‍ വേണ്ടത്ര വെള്ളം ലഭിക്കാതായതോടെ പദ്ധതി പ്രദേശത്തെ വീടുകള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ് ജലവിതരണം. ദീര്‍ഘ ദൂരം ജലവിതരണം നടക്കാത്തതിനാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ വേനലില്‍ വെള്ളം ലഭിക്കുമെന്ന് കരുതി വീടുകളിലേക്ക് കണക്ഷനെടുത്തവരാണ് നിരാശരായത്. ഇതിനോടനുബന്ധിച്ച് രണ്ട് കുഴല്‍ കിണര്‍ സ്ഥാപിച്ചിരുന്നു.
ഇതിലും പദ്ധതി പ്രദേശത്ത്് ജല വിതരണം ചെയ്യാമെന്നല്ലാതെ മറ്റു പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള വെള്ളമില്ല. മഴക്കാലത്തും ജലവിതരണ പൈപ്പിലൂടെ നടത്തുമ്പോള്‍ പൈപ്പിന്റെ ഗുണമേന്മ കുറവായതിനാല്‍ പൈപ്പ് പൊട്ടുന്നതും ഇത് മൂലം വെള്ളമെത്താത്തതും പരാതിക്കിടയാക്കിയിരുന്നു. നീര്‍ച്ചാല്‍, ബീജന്തടുക്ക, നവക്കാന, പള്ളത്തടുക്ക, ബദിയടുക്ക മീത്തല്‍ ബസാര്‍ എന്നിവിടങ്ങളിലൊക്കെ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നത് പതിവായിരുന്നു.
ഉയര്‍ന്ന പ്രദേശങ്ങളിലും ലൈന്‍ വലിച്ചിരുന്നുവെങ്കിലും വെള്ളമെത്തിക്കാനായില്ല.
വീടുകളിലേക്ക് കണക്ഷനെടുത്തവര്‍ വെറുതെ പണമടക്കേണ്ടി വരുന്നതിനാല്‍ പലരും ഒഴിവാക്കി. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും പ്രതിദിനം അറ്റകുറ്റ പണി നടത്തിയാലും തീരാത്ത പണിയായി. പമ്പ് ഹൗസിന് ഒരു കി. മീറ്റര്‍ ദൂരമുള്ള പള്ളത്തടുക്ക പുഴയ്ക്ക് സമീപത്തേക്ക് കുണ്ടാല്‍ മൂല വഴിയുള്ള പൈപ്പില്‍ നിന്നും മൂന്നു കി. മീറ്റര്‍ കറങ്ങിയാണ് വെള്ളമെത്തുന്നത്. ജലം ലഭിക്കാതായതോടെ ഇവിടെ കുഴല്‍ കിണറും പമ്പ് ഹൗസും സ്ഥാപിച്ച് ഗുണഭോക്തൃ കമ്മിറ്റിയുണ്ടാക്കിയാണ് ജലം വിതരണം. പമ്പ് ഹൗസിന് സമീപം കര്‍ഷകര്‍ സ്വയം വിഹിതമെടുത്ത് പണിത താല്‍ക്കാലിക തടയണയിലും വെള്ളമില്ല. റോഡ് വശം മറ്റാവശ്യങ്ങള്‍ക്ക് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിക്കുമ്പോള്‍ തകരാറിലാകുന്ന പൈപ്പുകള്‍ റിപയര്‍ ചെയ്യാതെ വിട്ടു പോകുന്നതാണ് പൈപ്പുപ്പൊട്ടിവെള്ളമൊഴുകാന്‍ കാരണമെന്നാണ് ജലവിതരണ ജീവനക്കാര്‍ പറയുന്നത്.
എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പള്ളത്തടുക്കയില്‍ നടപ്പാക്കിയ പദ്ധതി മോട്ടര്‍ കേടായത് മൂലം ദിവസങ്ങളോളമായി ജല വിതരണം മുടങ്ങിയിട്ട്. കോരിക്കാര്‍ കുടിവെള്ള പദ്ധതിയും മുടങ്ങി കിടക്കുകയാണ്. ഇത് മൂലം പരിസര പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയൊണ്.

RELATED STORIES

Share it
Top