പളനി തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങവെ കാര്‍ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

വടക്കാഞ്ചേരി: പളനി തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങവെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാതയോരത്തെ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനെ കൈയും കാലും ഒടിഞ്ഞ് ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന മകനും മുന്‍ സീറ്റില്‍ സഞ്ചരിച്ചിരുന്ന ഭാര്യയും പേരക്കുട്ടിയും രക്ഷപ്പെട്ടു. മങ്ങാട് പന്തലങ്ങാട് ബാലചന്ദ്രന്റെ ഭാര്യ ചന്ദ്രിക(55)യാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയില്‍ ആറ്റൂര്‍ സ്‌കൂള്‍ വളവില്‍ വച്ചാണ് അപകടം. ബാലചന്ദ്രന്‍, ഭാര്യ ചന്ദ്രിക, മകന്‍ സജിത്ത്, ഭാര്യ ഡിനു, മകള്‍ ഋഷിക എന്നിവരാണ് കഴിഞ്ഞ ദിവസം പളനിയിലേക്ക് പോയത്. ഒരുവയസ്സുകാരി ഋതികയുടെ തല മുണ്ഡന വഴിപാട് നടത്തുകയായിരുന്നു ലക്ഷ്യം. സജിത്താണ് കാര്‍ ഓടിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ നല്ല ഉറക്കത്തിലായിരുന്നു. സജിത്തും ഉറങ്ങിപ്പോയതായിരുന്നുവെന്നാണ് കരുതുന്നത്.
നിരന്തര അപകടമേഖലയായ ആറ്റൂര്‍ വളവിലെത്തിയപ്പോള്‍ കാര്‍ പാതയോരത്തെ മാവില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതാണ് സജിത്തിനും ഭാര്യക്കും കുഞ്ഞിനും രക്ഷയായത്. പിറകിലെ സീറ്റിലായിരുന്നു ബാലചന്ദ്രനും ചന്ദ്രികയും. അപകടസ്ഥലത്തു വച്ചുതന്നെ ചന്ദ്രിക മരിച്ചു. ബാലചന്ദ്രനെയും മറ്റു കുടുംബാംഗങ്ങളെയും കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സ്മിതയാണ് ചന്ദ്രികയുടെ മറ്റൊരു മകള്‍.

RELATED STORIES

Share it
Top