പലിശരഹിത സഹകരണ സംഘവുമായി സിപിഎം ; ലക്ഷ്യം മുസ്‌ലിംകള്‍ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: മുസ്‌ലിംകളെ ലക്ഷ്യമിട്ട് പലിശരഹിത സഹകരണ സംഘവുമായി സിപിഎം രംഗത്ത്. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ന്യൂനപക്ഷ സാംസ്‌കാരികസമിതികളുടെ ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റിക്കു കീഴിലാണ് പുത്തന്‍ സംരംഭം തുടങ്ങുന്നത്. ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശ ഇടപാടുമായി ബന്ധപ്പെടേണ്ടിവരുന്നതിനാല്‍ ബാങ്കിങ് മേഖലകളില്‍ നിന്നു വിട്ടുനില്‍ക്കുന്ന സമ്പന്ന മുസ്‌ലിംകളെ പാര്‍ട്ടിയുമായി അടുപ്പിക്കുകയെന്നതാണ് സംഘത്തിലൂടെ ലക്ഷ്യമിടുന്നത്. ഇസ്‌ലാം കര്‍ശനമായി വിലക്കേര്‍പ്പെടുത്തിയ പലിശയുമായി ബന്ധപ്പെടുന്നതിനാല്‍ നിരവധിപേര്‍ ഇപ്പോഴും ബാങ്കിങ് നടപടികളുമായി മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിപിഎം ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളെ ഉള്‍പ്പെടുത്തി കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് സഹകരണസംഘം രജിസ്റ്റര്‍ ചെയ്യുക. ആദ്യഘട്ടത്തില്‍ കണ്ണൂരില്‍ ആരംഭിക്കുന്ന പദ്ധതി വിജയകരമാവുകയാണെങ്കില്‍ സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കും. സംഘത്തിലെ അംഗങ്ങളില്‍ നിന്ന് ഓഹരി മാതൃകയില്‍ തുക നിക്ഷേപമായി സ്വീകരിക്കും. ഈ തുകയില്‍ നിന്നു പലിശരഹിത വായ്പ, വ്യാപാര വായ്പകള്‍ എന്നിവ നല്‍കും. വര്‍ഷത്തിലൊരിക്കല്‍ ഇതിന്റെ ലാഭവിഹിതം കണക്കുകൂട്ടി നല്‍കും. ധനികരായ പല മുസ്‌ലിംകളും തങ്ങളുടെ സമ്പത്തില്‍ പലിശ കലരുന്നത് ഒഴിവാക്കാനായി ബാങ്കുകളുമായി ബന്ധപ്പെടാതെ ഇടപാട് നടത്താന്‍ ശ്രമിക്കുന്നവരാണ്. ഇവര്‍ സമ്പത്ത് പണമായോ മറ്റോ സൂക്ഷിച്ചാല്‍ രേഖകളില്ലെന്ന കാരണം പറഞ്ഞ് പലപ്പോഴും കള്ളപ്പണത്തിന്റെ കണക്കില്‍ വരെ പെടുത്താറുണ്ട്. ഇത് മറികടക്കാനായി പലരുടെയും സഹായത്തോടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുകയും അതില്‍നിന്നു ലഭിക്കുന്ന പലിശ വാങ്ങാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇതു പലവിധത്തിലും ചൂഷണത്തിനും ഇടയാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംരംഭത്തിനു തുടക്കമിടുന്നത്. നേരത്തേ, ന്യൂനപക്ഷ സെമിനാര്‍, ഏകീകൃത സിവില്‍ കോഡ് സെമിനാര്‍, റമദാനില്‍ റിലീഫ് പ്രവര്‍ത്തനം തുടങ്ങിയ പരിപാടികള്‍ നടത്തിയ ന്യൂനപക്ഷ സാംസ്‌കാരികസമിതി ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 35ഓളം സംഘടനകളാണുള്ളത്. മുസ്‌ലിം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളിലൂടെ മുസ്‌ലിംകളെ പാര്‍ട്ടിയിലേക്കു കൂടുതല്‍ ആകര്‍ഷിക്കുകയെന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. നമസ്‌കാരസൗകര്യമൊരുക്കിയും മുസ്‌ലിംപക്ഷ ചിന്തകരെ പങ്കെടുപ്പിച്ചും നടത്തിയ സെമിനാര്‍ മുമ്പ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സഹകരണസംഘം രൂപീകരണത്തിനായി ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥരെയും സമീപിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ്, പലിശ, ലാഭവിഹിതം തുടങ്ങിയവ സംബന്ധിച്ച് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന രീതികളെ കുറിച്ചുള്ള വിശദമായ പഠനം നടത്തി, മുസ്‌ലിംകള്‍ക്ക് നിഷിദ്ധമല്ലാത്ത രീതിയിലുള്ള പലിശരഹിത സഹകരണസംഘം രൂപീകരിക്കുന്നതിലൂടെ സമ്പന്ന മുസ്്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ ഇടം കണ്ടെത്താനാവുമെന്നാണു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. അതോടൊപ്പം സഹകരണ ബാങ്കുകളുടെ കാര്യത്തിലെന്നപോലെ മുസ്‌ലിം ധനാഢ്യരുടെ പക്കലുള്ള സമ്പത്തിന്റെ കൈകാര്യകര്‍തൃത്വം പാര്‍ട്ടി നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top