പറവൂര്‍ മാസ്റ്റര്‍പ്ലാന്‍ പ്രതിസന്ധി; എല്‍ഡിഎഫ് സര്‍വകക്ഷി യോഗം ബഹിഷ്‌ക്കരിച്ചു

പറവൂര്‍: പറവൂര്‍ നഗരസഭ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിനായി വി ഡി സതീശന്‍ എംഎല്‍എ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗത്തില്‍ നിന്നും എല്‍ഡിഎഫ് പ്രതിനിധികളും കൗണ്‍സിലര്‍മാരും ഇറങ്ങിപ്പോയി. അടുത്ത മുപ്പതു വര്‍ഷം പറവൂര്‍ എങ്ങിനെയാവണമെന്നു ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെയും വ്യാപാരി റസിഡന്‍ സ് അസോസിയേഷന്‍ പ്രതിനിധികളെയും ഒഴിവാക്കിയതായി യോഗം ബഹിഷ്‌ക്കക്കരിച്ച എല്‍ഡിഎഫ് നേതാക്കള്‍ പിന്നീടു പറഞ്ഞു. ഈ മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കിയത് 2013 ലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നകുമാറും എംഎല്‍എ വി ഡി സതീശനും ചേര്‍ന്നാണ്. നാടിനു ശാപമായി മാറിയ ഈമാസ്റ്റര്‍പ്ലാനിന് രൂപം നല്‍കിയത് വി ഡി സതീശന്‍ എംഎല്‍എയാണെന്നു സിപിഎം നേതാവും മുന്‍ ചെയര്‍മാനുമായ അഡ്വ.എന്‍ എ അലി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചു പാസാക്കിയ മാസ്റ്റര്‍പ്ലാനിനെതിരേ ശക്തമായ സമരപരിപാടികള്‍ എല്‍ഡിഎഫ് തുടങ്ങുമെന്നു നഗരസഭ പ്രതിപക്ഷനേതാവു കെ എ വിദ്യാനന്ദന്‍ പറഞ്ഞു.സര്‍വകക്ഷിയോഗത്തില്‍ എല്‍ഡിഎഫ് നേതാവു മദ്യപിച്ചാണെത്തിയതെന്നും സഭ്യമല്ലാത്ത വാക്കുകളുപയോഗിച്ച് യോഗം കലക്കാന്‍ മനപൂര്‍വം ശ്രമിച്ചെന്നും വി ഡി സതീശന്‍ എംഎല്‍എ  ആരോപിച്ചു. ഈ നേതാവിനെതിരേ അവരുടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍പ്ലാന്‍ വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതും സര്‍ക്കാരാണ്. 2013 ല്‍ നഗരസഭ അംഗീകരിച്ച കരടുപ്ലാന്‍ മാസ്റ്റര്‍പ്ലാനായി മാറിയതോടെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അതു നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മാസ്റ്റര്‍പ്ലാന്‍ മരവിപ്പിച്ച നടപടി റദ്ദാക്കി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായതെന്നു എംഎല്‍എ പറഞ്ഞു. മാസ്റ്റര്‍പ്ലാനിനു വേണ്ടി വാര്‍ഡ് സഭകളും വിദഗ്ധരുടെ കമ്മിറ്റിയും ചര്‍ച്ച ചെയ്ത് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി പാസ്സാക്കിയ നിര്‍ദേശങ്ങള്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഹകരിച്ചില്ലെന്നും ആ നിര്‍ദേശങ്ങള്‍ പാസാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാനാവുമായിരുന്നെന്നു ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് പറഞ്ഞു. എല്‍ഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നന്നും കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ജനവിരുദ്ധ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. റസിഡന്‍സ് അസോസിയേഷനുകളുമായും സമരസമിതിയുമായും നേരത്തെ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top