പറവൂരില്‍ രണ്ട് ഓടി വള്ളങ്ങള്‍ ഇന്ന് നീരണിയുന്നു

പറവൂര്‍: വള്ളം കളികള്‍ക്ക് ആവേശവും ഹരവും പകരാന്‍ പറവൂരില്‍ രണ്ട് ഓടി വള്ളങ്ങള്‍ ഇന്ന് നീരണിയുന്നു.
ഒന്ന് ഗോതുരുത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പണിയുന്ന പുത്തന്‍ ഓടിവള്ളമായ ‘ഗോതുരുത്തുപുത്രന്‍’ആണെങ്കില്‍  മറ്റൊന്ന് മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രമുള്ള “പുത്തന്‍പറമ്പില്‍ ആണ്. മൂന്നുറൂ വര്‍ഷത്തെ ചരിത്രമുള്ള പുത്തന്‍പറമ്പില്‍ ഓടി വള്ളം പുതുക്കി നിര്‍മിച്ചിരിക്കയാണ്. ഇരുട്ടുകുത്തി വിഭാഗത്തില്‍ 35 ആളുകള്‍ കയറിയിരുന്നു വലിക്കാവുന്ന ‘എ’ ഗ്രയ്ഡ് വള്ളമാണ് പുതിയ പുത്തന്‍പറമ്പില്‍ ഓടി.
മൂന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പു ചേന്ദമംഗലത്തെ പ്രശസ്തമായ പാല്യംകുടുംബമാണ് ഈ വള്ളം നിര്‍മിച്ചത്. 15 പേര്‍ക്കിരുന്ന വലിക്കാവുന്ന കളിവള്ളമായിട്ടാണ് അന്നു വള്ളം നിര്‍മിച്ചത്. കാലവര്‍ഷക്കാലത്ത് അന്ന് മലവെള്ളം പതിവായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ മൈതാനങ്ങളിലും മുറ്റത്തും മലവെള്ളം കയറി കിടക്കുമ്പോള്‍ വഞ്ചികളിയും പതിവായിരുന്നു. വള്ളംകളിക്കായിട്ടാണ് 15 പേര്‍ക്കിരുന്നു വലിക്കാവുന്ന വള്ളം പാല്യത്തെ തമ്പുരാക്കന്മാര്‍ നിര്‍മിച്ചത്.
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വഞ്ചി ഗോതുരുത്തിലെ പുല്ലെയില്‍ കുടുംബക്കാര്‍ വാങ്ങി. വര്‍ഷങ്ങളോളം പുല്ലയില്‍ കുടുംബക്കാരുടെ കൈവശമായിരുന്നു.പിന്നീടാണ് ഗോതുരത്തിലെ സെന്റ് ജോര്‍ജ് ബോട്ടുക്ലബ്ബ് പുല്ലെയില്‍ വള്ളം സ്വന്തമാക്കിയത്. സെന്റ് ജോര്‍ജ് ബോട്ടുക്ലബ് 25 പേര്‍ക്കു കയറിയിരുന്നു വലിക്കാവുന്ന വള്ളമാക്കി പുതുക്കി.
ഇതോടെ ഇരുട്ടുകുത്തി വിഭാഗത്തില്‍ ബി വിഭാഗത്തില്‍ വള്ളംകളിയില്‍ മത്സരിക്കുന്ന വള്ളമായി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഗോതുരുത്തിലെ പുത്തന്‍പറമ്പില്‍ കുടുംബം വള്ളം സ്വന്തമാക്കിയത്. ഇപ്പോള്‍ പുത്തന്‍പറമ്പില്‍ എന്ന പേരിലാണ് ബി ഗ്രയ്ഡില്‍ ഈ വള്ളം മത്സരിച്ചു കൊണ്ടിരിക്കുന്നത്.
35 പേര്‍ക്കു കയറിയിരുന്നു വലിക്കാവുന്ന ‘എ’ വിഭാഗം വള്ളമാക്കി നിര്‍മിച്ച പുത്തന്‍പറമ്പില്‍ വള്ളമാണ് ഇന്നു നീരണിയുന്നത്. വള്ളത്തിന്റെ നീളം 6 കോല്‍ വര്‍ധിപ്പിച്ചു. ഇപ്പോഴത്തെ മൊത്തം നീളം 62.1 അടിയായി. കഴിഞ്ഞ ജലോത്സവ കാലം കഴിഞ്ഞതിന് ശേഷമാണ് പുനര്‍നിര്‍മാണം തുടങ്ങിയത്. റവ.ഫാദര്‍ ടോം രാജേഷ് പള്ളിയിലാണ് വള്ളത്തിന്റെ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചത്്. പഎഴുപുന്ന വിജയന്‍ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വള്ളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തിയത്.
ഗോതുരുത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പണിത പുത്തന്‍ ഓടിവള്ളമായ ‘ഗോതുരുത്തുപുത്രന്‍’  നീരണിയല്‍ ചടങ്ങ് ഇന്നു വൈകീട്ട് മൂന്നിന് നടക്കും. ഗോതുരുത്തില്‍ നിര്‍മിച്ചിട്ടുള്ള മാലിപ്പുരയിലാണ് ചടങ്ങ് നടക്കുന്നത്. ആലപ്പുഴ എടത്വ കോവില്‍മുക്ക് സാബു ആചാരിയാണ് ഗോതുരുത്തുപുത്രന്റെ നിര്‍മാണ ചുമതല വഹിക്കുന്നത്.
200 ല്‍ പരം ഗോതുരുത്തുകാര്‍ പതിനായിരം രൂപ വീതമുള്ള ഷെയര്‍ എടുത്താണു വള്ളം പണിക്കുള്ള തുക കണ്ടെത്തിയത്. ആദ്യ ഷെയര്‍ വാങ്ങിയത് ഗോതുരുത്ത് ഫൊറോന വികാരി ഫാ.ടോം രാജേഷ് പള്ളിയിലാണു. ഗോതുരുത്ത് ഗ്രാമത്തില്‍ പൊതുജന പങ്കാളിത്തത്തോടെ പണിയുന്ന ആദ്യ ഓടിവള്ളമാണിത്. സെന്റ്.സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, പുത്തന്‍പറമ്പില്‍, സെന്റ്.സെബാസ്റ്റ്യന്‍ നമ്പര്‍ ടു, ജിബി തട്ടകന്‍ എന്നിവയാണു നിലവില്‍ ഗോതുരുത്തിലെ കുടുംബങ്ങളുടേയും വ്യക്തികളുടേയും ക്ലബ്ബുകളുടേയും ഉടമസ്ഥതയിലുള്ള വള്ളങ്ങള്‍. മനക്കില്‍, പുല്ലയില്‍ എന്നീ ഓടിവള്ളങ്ങളാണു ഗോതുരുത്തുകാര്‍ സ്വന്തമാക്കിയ ആദ്യ രണ്ടുവള്ളങ്ങള്‍. പിന്നീട് ഉടമസ്ഥത മാറിയതോടെ ഇവയുടെ പേരും മാറി. ബ്ലോക്ക് പഞ്ചയത്ത് അംഗം ടൈറ്റസ് ഗോതുരുത്ത് പ്രസിഡന്റും അനില്‍ കൈമാതുരുത്തി സെക്രട്ടറിയും കെ എല്‍ ജോണ്‍ ട്രഷററും സി ഐ ഷാജന്‍ ജനറല്‍ കണ്‍വീനറുമായ 20 അംഗ കമ്മിറ്റിയാണു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. അഡ്വ. വി ഡി സതീശന്‍ എംഎല്‍എ, എസ് ശര്‍മ്മ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി ജി അനൂപ് ചടങ്ങില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top