പറവൂരില്‍ ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ഖത്തീബ് പങ്കെടുത്തത് വിവാദമാവുന്നുപറവൂര്‍: പറവൂരില്‍ ആദ്യമായി ബിജെപി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പറവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പങ്കെടുത്തത് വിവാദമാകുന്നു. ബീഫ് അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ബിജെപി നിലപാടിനെതിരേ രംഗത്തുള്ളവര്‍ ചൂണ്ടികാണിക്കുന്നത്. നിരവധി മുസ്‌ലിം നേതാക്കളെയും പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ബിജെപി ക്ഷണിച്ചിരുന്നുവെങ്കിലും പറവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമാണ് മുസ്്‌ലിം സമുദായത്തില്‍ നിന്നും പങ്കെടുത്തത്. ഇതില്‍ രണ്ടു പേര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ചടങ്ങില്‍ പങ്കെടുത്തതിനൊപ്പം ബിജെപി നേതാക്കളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി നടത്തിയ പ്രസംഗവും വിവാദമായിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ശിഷ്യനായ താന്‍ കാന്തപുരം നടത്തിയ കേരളയാത്രയില്‍ ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍ പങ്കെടുത്തത് നന്ദിയോടെ സ്മരിക്കുന്നുവെന്നും അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി പ്രസംഗിച്ചിരുന്നു. ബിജെപി വടക്കന്‍ പറവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുവാരം പടിഞ്ഞാറെ നടയിലുള്ള നിയോജകമണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഗമം സംഘടിപ്പിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബാദുഷ തങ്ങള്‍ ആയിരുന്നു. തന്റെ വീട്ടിലെ കാര്യസ്ഥനായ ഇതരസമുദായക്കാരനാണ് വലത്തോട്ട് മുണ്ടുടുക്കാന്‍ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീകൃഷ്ണപ്രാര്‍ഥനയ്ക്കുശേഷം ബിസ്മി ചൊല്ലിയായിരുന്നു ഉദ്ഘാടനം. ദേശീയ കൗണ്‍സില്‍ അംഗം ആലി ഹാജി മുഖ്യാതിഥിയായി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എസ് ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനില്‍ ചിറവക്കാ ട്, ഖജാഞ്ചി ടി എ ദിലീപ്, ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് കെ സദാശിവന്‍, ടി ജി വിജയന്‍, കൗണ്‍സിലര്‍ സ്വപ്‌ന സുരേഷ് പങ്കെടുത്തു.

RELATED STORIES

Share it
Top