പറയാത്ത രഹസ്യങ്ങള്‍

ബിഷപ് ഫ്രാങ്കോ 13 പ്രാവശ്യം ബലാല്‍സംഗം ചെയ്തിട്ടും അപ്പോള്‍ തന്നെ പരാതിപ്പെടാതിരുന്നതെന്തേ എന്ന ചോദ്യമാണല്ലോ സഭാവൃത്തങ്ങളില്‍ നിന്നുയര്‍ന്നത്. ഇതു ലോകമൊട്ടാകെ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ്. ഈയിടെ അമേരിക്കയില്‍ സുപ്രിംകോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജസ്റ്റിസ് ബ്രെറ്റ് കവാനോക്കെതിരേ ലൈംഗിക ആരോപണവുമായി വന്ന ക്രിസ്റ്റീന ഫോര്‍ഡിനോട് സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചോദിച്ചതും ഇതേ ചോദ്യമാണ്.
ഇതേത്തുടര്‍ന്നാണ് ട്വിറ്ററില്‍ 'ഞാന്‍ എന്തുകൊണ്ടു തുറന്നുപറഞ്ഞില്ല' എന്ന ഹാഷ്ടാഗുമായി സെലിബ്രിറ്റികള്‍ വരെ പ്രത്യക്ഷപ്പെട്ടത്. തന്റെ പോസ്റ്റില്‍ ഹോളിവുഡ് താരം ആഷ്‌ലി ജൂഡ് എഴുതിയത് ഇങ്ങനെ: ''ഏഴാം വയസ്സിലാണ് ഞാന്‍ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത്. കുടുംബത്തിലെ മുതിര്‍ന്ന ഒരാളോട് അതു പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചില്ല. വൃദ്ധനായ ഒരാള്‍ അങ്ങനെ ചെയ്യില്ല എന്നായിരുന്നു പ്രതികരണം. 15ാം വയസ്സില്‍ വീണ്ടും ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആ രഹസ്യം പറഞ്ഞത് എന്റെ ഡയറിയോടു മാത്രം!''
മറ്റൊരു ഹോളിവുഡ് നടി പറഞ്ഞത്, ജോലി പോവുമെന്നു ഭയന്നിട്ടാണ് തുറന്നുപറയാതിരുന്നത് എന്നാണ്. തുറന്ന സമൂഹമെന്നു വിശേഷിപ്പിക്കപ്പെടുന്ന പാശ്ചാത്യ ലോകത്തെ സ്ഥിതി ഇതാണെങ്കില്‍ നമ്മുടെ നാട്ടിലെ സ്ഥിതി പറയാനുണ്ടോ? ഇവിടെ പ്രധാനമായും മാനഭീതി തന്നെയാണ് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ തടസ്സം. പട്ടാളച്ചിട്ടയിലുള്ള കന്യാസ്ത്രീ മഠങ്ങളിലാണെങ്കില്‍ പറയാനുമില്ല.

RELATED STORIES

Share it
Top