പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ റോഡ്: പ്രഖ്യാപനങ്ങള്‍ കടലാസില്‍

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വനത്തിലൂടെയുള്ള 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രഖ്യാപനത്തിലൊതുങ്ങി. വന്യജീവി സംരക്ഷണ കേന്ദ്രമായ പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണെങ്കിലും അവിടേക്കുള്ള വഴി കേരളത്തിലൂടെയല്ല. തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചു വേണം അവിടെയെത്താന്‍.
നെല്ലിയാമ്പതിയിലെത്തുന്ന സന്ദര്‍ശകന് വീണ്ടും 85 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം ഇപ്പോള്‍ പറമ്പിക്കുളത്തെത്താന്‍. നെന്മാറ, കൊല്ലങ്കോട്, ചെമ്മണാമ്പതി വഴി കടന്ന് അവിടെയുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് പറമ്പിക്കുളം സന്ദര്‍ശിക്കാനാവുക. നെല്ലിയാമ്പതിയുടെ ഭാഗം തന്നെയായ പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള വഴി എന്ന ആശയം 2007 ല്‍ വിനോദ സഞ്ചാര വകുപ്പ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി വിനോദ സഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. 2005 ല്‍ പോത്തുണ്ടി ഉദ്യാനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എത്തിയ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പറമ്പിക്കുളം റോഡ് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. റോസടി തൂത്തമ്പാറ വഴി, പെരിയ ചോല തേക്കടി വഴി, മാന്‍പാറ വഴി എന്നിങ്ങനെയാണ് നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് വഴിയുള്ളത്. എന്നാല്‍ 2009 ല്‍ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് പ്രഖ്യാപനത്തോടെ നെല്ലിയാമ്പതിലൂടെയുളള പാത നിര്‍മാണത്തിന് നിയമം തടസ്സമായി. ഇതിനിടെ മാന്‍പാറയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വനം വകുപ്പ് അന്യായ കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പറമ്പിക്കുളം റിസവര്‍വിന്റെ ബഫര്‍ മേഖലയായതിനാല്‍ നെല്ലിയാമ്പതിയിലെ ടൂറിസം വികസനത്തെയും ഇത് സാരമായി ബാധിച്ചു. 2600 ലധികം ജനസംഖ്യയുള്ള ആദിവാസി ഭൂരിപക്ഷ മേഖലയായ പറമ്പിക്കുളത്ത് അര ഡസനോളം ആദിവാസി കോളനികളാണ് നിലവിലുള്ളത്. ടൈഗര്‍ റിസര്‍വ് പ്രഖ്യാപിച്ചത് കാരണം അവരും പ്രയാസം അനുഭവിക്കുകയാണ്.
അധികൃതര്‍ ചട്ടം കര്‍ശനമാക്കി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാല്‍ അന്നം മുട്ടുമെന്ന അവസ്ഥയാണ് ആദിവാസികള്‍ക്ക്. കേരളത്തിലൂടെയുള്ള പാത യാഥാര്‍ത്ഥ്യമായാല്‍ പറമ്പിക്കുളത്തെ ആദിവാസി കുടുംബങ്ങള്‍ക്കാണ് അത് ഗുണം ചെയ്യുക.വെറും ഒരു മണിക്കൂര്‍ കൊണ്ട് നെല്ലിയാമ്പതിയിലെത്താന്‍ കഴിയും. നെല്ലിയാമ്പതി പറമ്പിക്കുളം റോഡ് യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ വിനോദ സഞ്ചാര വികസനത്തിനും മുതല്‍കൂട്ടാവും.

RELATED STORIES

Share it
Top