പറമ്പിക്കുളം ആളിയാര്‍ പദ്ധതി വിഷയങ്ങള്‍ പരിശോധിക്കും: തമിഴ്‌നാട് മുഖ്യമന്ത്രിതിരുവനന്തപുരം: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന രൂക്ഷമായ ജലക്ഷാമവും മറ്റും ചൂണ്ടിക്കാട്ടി ഏപ്രില്‍ 29നു മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മഴയില്ലാത്തതിനാല്‍ ആളിയാറില്‍ അധികം വെള്ളമില്ലെന്നും അതിനാല്‍ കേരളത്തിനു വെള്ളം നല്‍കാനാവില്ലെന്നുമാണ് തമിഴ്‌നാട് പറയുന്നത്. എന്നാല്‍ അപ്പര്‍ ആളിയാര്‍, കടമ്പറായി ഡാമുകളില്‍ തമിഴ്‌നാട് വെള്ളം സൂക്ഷിക്കുന്നതായി അറിയാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സെക്രട്ടറിതല യോഗത്തില്‍ ഇപ്രകാരം ശേഖരിച്ച വെള്ളം കേരളത്തിനു നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നുവെങ്കിലും ഇതു പാലിച്ചിെല്ലന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സെക്രട്ടറിതല യോഗതീരുമാനം അനുസരിച്ചു ശിരുവാണി അണക്കെട്ടിലെ ഡെഡ്‌സ്‌റ്റോറേജില്‍ നിന്നുപോലും കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യം പരിഗണിച്ചു വാഗ്ദാനം ചെയ്ത വെള്ളം കേരളം നല്‍കിയിരുന്നു. പിഎപി കരാര്‍ അനുസരിച്ച് ഓരോ വര്‍ഷവും പ്രതീക്ഷിച്ചതിലും കുറവ് വെള്ളം ലഭിക്കുകയാണെങ്കില്‍ പോലും കരാര്‍ അനുസരിച്ചുള്ള വെള്ളം തരാന്‍ തമിഴ്‌നാട് ബാധ്യസ്ഥരാണ്. 1988ല്‍ പുതുക്കേണ്ടിയിരുന്ന പിഎപി കരാര്‍ പുതുക്കാന്‍ തമിഴ്‌നാട് തയ്യാറായിരുന്നില്ല എന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള കരാര്‍ ലംഘിച്ചാല്‍ ആദ്യം ആര്‍ബിട്രേറ്റര്‍മാരെ വച്ച് പ്രശ്‌നം തീര്‍പ്പാക്കണമെന്നാണ് വ്യവസ്ഥ. ഏറ്റവും അവസാനത്തെ സാഹചര്യത്തില്‍ മാത്രമേ സുപ്രിംകോടതിയെ സമീപിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥയില്‍ പറയുന്നത്.

RELATED STORIES

Share it
Top