പറമ്പിക്കുളം-ആളിയാര്‍: ജനരോഷം ശക്തമാവുന്നു

ചിറ്റൂര്‍: പറമ്പിക്കളുത്ത് നിന്ന് കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കാത്ത തമിഴ്‌നാടിന്റെ നിലപാടിനെതിരെ ജനരോഷം ശക്തമാവുന്നു. പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 15ന് 48മണിക്കൂര്‍ നിരാഹര സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തമിഴ്‌നാടിന്റെ കരാര്‍ ലംഘനത്തിനെതിരെ ഇടതുമുന്നണി ജനപ്രതിനിധികള്‍ ഉപവാസ സമരം നടത്തുമെന്ന് എല്‍ഡിഎഫ് ഭാരവാഹികളും അറിയിച്ചു. 10ന് ചിറ്റൂര്‍ അണിക്കോട്ടില്‍ 10ന് രാവിലെ 9മുതല്‍ 5വരെ നടത്തുന്ന ഉപവാസം സമരത്തില്‍ പി കെ ബിജു എംപി, എംഎല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, കെ ബാബു, കെ ഡി, പ്രസേനന്‍, കെ വി വിജയദാസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കും. അതേ സമയം,  പറമ്പിക്കുളം ആളിയാര്‍ ജലപ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കേരളത്തിന് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ജലം, തമിഴ്‌നാട്ടിലെ പ്രക്ഷോഭത്തിന്റെ മറവില്‍ നിര്‍ത്തലാക്കിയിട്ടും മുഖ്യമന്ത്രിക്ക് യാതൊരു പരാതിയുമില്ല. ഇരുസംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ചചെയ്‌തെടുത്ത തീരുമാനമാണ് ഫെബ്രുവരി 10വരെ ജലം വിട്ടുനല്‍കാമെന്നത്. അതാണ് ഇടയ്ക്ക് വച്ച് അട്ടിമറിക്കപ്പെട്ടത്. നദീജല കരാറും ഉദ്യോഗസ്ഥന്മാര്‍ തമ്മിലുണ്ടാക്കുന്ന ധാരണയുമൊക്കെ തമിഴ്‌നാട് ലംഘിക്കുമ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ജലം ലഭിക്കാത്തതു കാരണം ചിറ്റൂര്‍ ആയക്കെട്ട് പ്രദേശത്തെ ആയിരക്കണക്കിന് ഏക്കര്‍ നെല്‍കൃഷി ഉണക്കഭീഷണിയിലാണ്. കരാര്‍പ്രകാരമുള്ള വെള്ളം നല്‍കണമെന്നാവശ്യപ്പെട്ട് 15ന് രാവിലെ 10ന് ചിറ്റൂര്‍ അണിക്കോടില്‍ 48മണിക്കൂര്‍ നിരാഹര സമരം നടത്തുമെന്ന് പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി അറിയിച്ചു. വൈസ് ചെയര്‍മാന്‍ പി സി ശിവശങ്കര്‍ അധ്യക്ഷത വഹിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലം വിട്ടു നല്‍കണമെന്നും, തമിഴ്‌നാടിന്റെ നിഷേധാത്മക നിലപാടിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എല്‍ഡിഫും അറിയിച്ചു. ജല പ്രശ്‌നവുമായി ബന്ധപ്പെട്ട് 13ന് ചിറ്റൂരില്‍ നിന്നും സര്‍വകക്ഷി ജനപ്രതിധികള്‍ മുഖ്യമന്ത്രിയെ നേരി കാണും. ജനുവരി 19ന് ചേര്‍ന്ന ഇരു സംസ്ഥാന സെക്രട്ടറിതല ചര്‍ച്ചയില്‍ ഫെബ്രുവരി 15 വരെ 400 ഘനയടി എന്ന തോതില്‍ വെള്ളം വിട്ടു നല്‍കാനും തുടര്‍ന്ന് വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഫെബ്രുവരി 10ന് ചെന്നെയില്‍ വച്ച് ചേരുന്ന ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ആളിയാറില്‍ നിന്നും തമിഴ്‌നാട് വെള്ളം നിര്‍ത്തലാക്കി. ഇന്നലെ മണക്കടവ് വിയറില്‍ ഒഴുകിയെത്തിയതാവട്ടെ 33 ഘനയടി വെള്ളം മാത്രവും. പറമ്പിക്കുളത്ത് നിന്ന് തമിഴ്‌നാട്, കോണ്ടുര്‍ കനാല്‍ വഴി 400 ഘനയടി എന്ന തോതില്‍ തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കടത്തുന്നുമുണ്ട്. തമിഴ്‌നാടിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉപവാസം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ കെ ചെന്താമര പങ്കെടുത്തു.

RELATED STORIES

Share it
Top