പറമ്പിക്കുളം-ആളിയാര്‍: ചിറ്റൂര്‍ എംഎല്‍എ രാജിവയ്ക്കണമെന്ന്

പാലക്കാട്: പറമ്പിക്കുളം- ആളിയാര്‍ വെള്ളം ലഭിക്കാത്തതിന് കാരണം ഭരണകൂടത്തിന്റെ പിടിപ്പുകേടാണെന്നും ജനങ്ങളോട് സ്‌നേഹവും കടപ്പാടും ഉണ്ടെങ്കില്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ സ്ഥാനം രാജിവെച്ച് സമരത്തിന് ഇറങ്ങണമെന്നും ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ ആവശ്യപ്പെട്ടു. ചിറ്റൂര്‍ എംഎല്‍എ നടത്തുമെന്ന് പറയുന്ന സമരവും കേസും അദ്ദേഹത്തിന്റെ പാര്‍ട്ടി മന്ത്രിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയുമാണ്.
ഭരണമുന്നണിയോടൊപ്പം നില്‍ക്കുന്ന ചിറ്റൂര്‍ എംഎല്‍എക്ക് ഇതൊന്നും ചെയ്യാന്‍ കഴിയില്ല. നേരത്തെ ഹര്‍ത്താലും മറ്റും പ്രഖ്യാപിച്ചശേഷം അതിന്റെ അച്ചടി മഷി ഉണങ്ങുന്നതിന് മുമ്പ് പിന്‍വാങ്ങിയത് എന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. 1994 ലെ അഡ്‌ഹോക്് കമ്മിറ്റി റിപോര്‍ട്ടിലെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഒന്നും ചെയ്യാത്ത, 1994ലെ റിപോര്‍ട്ടിലെ കീഴ്‌നദീതട അവകാശത്തെക്കുറിച്ച് ഒന്നും ഇപ്പോള്‍ ഉരിയാടാത്ത, ആനപ്പാടി ഷട്ടര്‍ അടയ്ക്കുമെന്ന് വീമ്പ് പറഞ്ഞുനടക്കുന്ന എംഎല്‍എ ഇനിയും സ്വയം അപഹാസ്യമാവാതെ നോക്കണം.
പറമ്പിക്കുളം-ആളിയാര്‍ വെള്ളം വീണ്ടെടുക്കാന്‍ ഭാരതപ്പുഴ പുനരുജ്ജീവന കൂട്ടായ്മ നിയമപോരാട്ടം തുടങ്ങും. ചെയര്‍മാന്‍ അഡ്വ. എസ് കൊച്ചുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, അബ്ദുല്‍ അസ്സീസ്, കെ ശരവണകുമാര്‍, മോഹന്‍ദാസ്, കെ ജനാര്‍ദ്ദനന്‍ സംസാരിച്ചു.

RELATED STORIES

Share it
Top