പറപ്പൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി അധികാരം നിലനിര്‍ത്തി

കോട്ടക്കല്‍: നാടകീയ രംഗങ്ങള്‍ക്ക് അവസാനം യുഡിഎഫ് സംവിധാനത്തെ തകര്‍ത്ത് പറപ്പൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി തന്നെ അധികാരം നിലനിര്‍ത്തി. ഇതോടെ പഞ്ചായത്തില്‍ ജനകീയ മുന്നണിയില്‍ നിന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും അംഗങ്ങളും രാജിവച്ച് യുഡിഎഫില്‍ ചേരുമെന്ന ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെ വാദം പൊളിഞ്ഞിരിക്കയാണ്. പഞ്ചായത്തു ഭരണം പിടിച്ചെടുക്കാനായി യുഡിഎഫ് നടത്തിയ പതിനെട്ടടവും കാറ്റില്‍ പറത്തി വോട്ട് രേഖപ്പെടുത്തിയ 17 പേരില്‍ ജനകീയ മുന്നണിയുടെ ഒരു വോട്ടിനും ചോര്‍ച്ച സംഭവിച്ചില്ലെന്നത് ജനകീയ മുന്നണി തകര്‍ന്നില്ലെന്നതിനു തെളിവാണ്. ജനകീയ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസിന്റെ മെമ്പര്‍ പി ക റഹീം ഇന്നലെ നടന്ന പ്രസിഡന്റ്് തിരെഞ്ഞെടുപ്പിനുഎത്തിയതു പോലുമില്ല. അതോടെ യുഡിഎഫിനു നിലവിലുണ്ടായിരുന്ന ഏഴു വോട്ടില്‍ ഒന്നെങ്കിലും വര്‍ധിപ്പിക്കാമെന്ന ആഗ്രഹവും നിശ്ഫലമായി. 19 സീറ്റില്‍ 12 സീറ്റു നേടിയാണ് ജനകീയ മുന്നണി അധികാരമേറ്റത്. മുന്നണി തീരുമാന പ്രകാരം ആദ്യത്തെ രണ്ടു വര്‍ഷം കോണ്‍ഗ്രസ് അനുകൂല വിഭാഗത്തിനു പ്രസിഡന്റ് സാനവും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഇടതുപക്ഷത്തിനും അവസാനവര്‍ഷം വീണ്ടും കോണ്‍ഗ്രസ് അനുകൂലികള്‍ക്കുമായിരുന്നു സ്ഥാനം തീരുമാനിച്ചിരുന്നത്. അതു പ്രകാരം ആദ്യ രണ്ടു വര്‍ഷം പറങ്ങോടത്ത് മുഹമ്മദ് കുട്ടി യും തുടര്‍ന്ന് കാലൊടി ബഷീര്‍ മാസ്റ്ററും ഭരണം തുടര്‍ന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ബഷീര്‍ മാസ്റ്റര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. അതോടെ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളായി. ഇതോടെ ഭരണം പിടിച്ചെടുക്കാനായി യുഡിഎഫും നില നിര്‍ത്താനായി ജനകീയ മുന്നണി മല്‍സര രംഗത്തെത്തി. അതിനിടക്കു തന്നെ സോഷ്യല്‍ മീഡിയ വഴി ഭരണം പിടിച്ചെടുത്തതായി യുഡിഎഫ് അനുകൂലികള്‍ പ്രചരണവും തുടങ്ങി. യുഡിഎഫിന്റെ പ്രസ്ഥാവനയും എത്തിയതോടെ തിരഞ്ഞടുപ്പില്‍ വാശിയും കൂടി. അവസാനം എല്ലാ കണക്കു കൂട്ടലും തെറ്റിച്ചായിരുന്നു വിധിയെഴുത്ത്. ഇനി ബാക്കി വരുന്ന കാലമത്രയും പറങ്ങോടത്ത് മുഹമ്മദ് കുട്ടി പ്രസിഡന്റായി തുടരുമെന്ന് ജനകീയ മുന്നണി അറിയിച്ചു. മത്സരത്തിനു ശേഷം ജനകീയ മുന്നണി അംഗങ്ങള്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് കാലൊടി ബഷീര്‍ മാസ്റ്ററുടെ വീട്ടില്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top