പറന്നുയരാന്‍ പറങ്കിക്കൂട്ടം; എതിരാളികള്‍ മൊറോക്കോമോസ്‌കോ: ഗ്രൂപ്പ് ബിയില്‍ സ്‌പെയിനിനെതിരേ റോണോയുടെയും പോര്‍ച്ചുഗീസിന്റെയും ആരാധകര്‍ക്ക് ആനന്ദപൂരിതമായ രാവ് സമ്മാനിച്ച റോണോ വീണ്ടും താണ്ഡവമാടാന്‍ ഇന്നിറങ്ങുന്നു. 41ാം റാങ്കുകാരായ മൊറോക്കോയാണ് പോര്‍ചുഗലിന്റെ എതിരാളി. ആദ്യ മല്‍സരത്തില്‍ ഇറാനോട് ഒരു ഗോളിന് പരാജയപ്പെട്ട മൊറോക്കോ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ന് ജീവന്‍മരണപ്പോരാട്ടം തന്നെ പുറത്തെടുക്കുമെന്നതില്‍ പോരാട്ടം കടുക്കും. എന്നാല്‍ സ്‌പെയിനിനോട് 3-3ന്റെ സമനില വഴങ്ങിയ പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് വേരു മുളയ്ക്കാന്‍ ടീമിന് ഇന്ന് ജയിച്ചേ തീരൂ. ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധപ്പടയെന്നറിയപ്പെടുന്ന സ്പാനിഷ് ഭിത്തി തകര്‍ത്താണ് ടീം സമനില കണ്ടെത്തിയതെന്നതിനാല്‍ ഇന്ന് വിജയ പ്രതീക്ഷ കൂടുതലും പോര്‍ച്ചുഗലിനാണ്.
ഇറാനെതിരേയുള്ള കളിയുടെ അവസാനം മൊറോക്കോ താരം അസിസ് ബൗഹാഡസിന്റെ സെല്‍ഫ് ഗോളിലാണ് മൊറോക്കോയുടെ വിലപ്പെട്ട മൂന്ന് പോയിന്റ്് നഷ്ടപ്പെട്ടത്. എന്നാല്‍ 1986ല്‍ മെക്്‌സിക്കന്‍ ലോകകപ്പില്‍ പേര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ തുടര്‍ക്കഥയിലേക്കാണ് ഇന്ന് മെറോക്കോ പ്രതീക്ഷയര്‍പ്പിക്കുന്നത്. ലോകകപ്പില്‍ 14 മല്‍സരങ്ങള്‍ കളിച്ച മൊറോക്കോ ഈ ജയമടക്കം ആകെ രണ്ട് മല്‍സരങ്ങളില്‍ മാത്രമാണ് വെന്നിക്കൊടി നാട്ടിയത്. ഇന്ന് കൂടി പരാജയപ്പെട്ടാല്‍ മൊറോക്കോ പുറത്താവുമെന്നതിനാല്‍ ടീമിന് ഇന്ന് ജയം നിര്‍ണായകം. സൂപ്പര്‍ താരം റോണോ നയിക്കുന്ന ആക്രമണനിരയെ പൂട്ടിക്കെട്ടാന്‍ നബീല്‍ ദിറാര്‍ നയിക്കുന്ന നാല് പേരടങ്ങുന്ന പ്രതിരോധനിരയെ ഇറക്കാനാണ്  കോച്ച് ഹെര്‍വ് റെനാര്‍ഡ് നോട്ടമിടുന്നത്. കഴിഞ്ഞ കളിയില്‍ ടീമിനോടൊപ്പമില്ലാത്ത, യോഗ്യതാ മല്‍സരത്തില്‍ ടീമിന്റെ തുറുപ്പുചീട്ടായ ഖാലിദ് ബൗതൗയിബ് ഇന്ന് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ നോര്‍ദിന്‍ അംബ്രബത്ത് കളിക്കുന്ന കാര്യം സംശയത്തിലാണ്. 1986ലെ ലോകകപ്പില്‍ പോര്‍ചുഗലിനെ പരാജയപ്പെടുത്തിയ മൊറോക്കന്‍ ടീമിലുള്ള നാല് പേര്‍ ഇന്നും കളത്തിലിറങ്ങുന്നുണ്ട്.  മിഡ്ഫീല്‍ഡര്‍മാരായ  കരിം എല്‍ അഹ്മദി, എംബാര്‍ക് ബൗസൗഫ, മാനുവല്‍ ഡി കോസ്റ്റ, ഡിഫന്‍ഡര്‍ നബീല്‍ ദിറാര്‍ എന്നിവരാണ് ടീമിലിടം കണ്ടത്. എന്നിരുന്നാലും റോണോ എന്ന അമാനുഷിക താണ്ഡവത്തെ ടീമിന് പൂട്ടിക്കെട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ നാണം കെട്ട പരാജയത്തോടെ ടീമിന് പുറത്ത് പോവേണ്ടി വരും.

RELATED STORIES

Share it
Top