പറങ്കിപ്പടയ്ക്ക് ഇന്ന് ഉറുഗ്വേ പരീക്ഷ; റൊണാള്‍ഡോയും സുവാരസും മുഖാമുഖം


സോച്ചി: ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കമാവുമ്പോള്‍ രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പ്രഥമ ലോകകപ്പ് ചാംപ്യന്‍മാരായ ഉറുഗ്വേയും ഒരു ലോകകപ്പ് കിരീടം പോലും സ്വന്തമാക്കാന്‍ കഴിയാതിരുന്ന പോര്‍ച്ചുഗലും തമ്മില്‍ പോരടിക്കും.
ലോകത്തിലെ ഇതിഹാസ താരങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട നയിക്കുന്ന ടീമിന് റോണോ കിരീടം സമ്മാനിച്ചാല്‍ അതു ചരിത്രമാവും. നിലവിലെ യൂറോകപ്പ് ചാംപ്യന്‍മാര്‍ക്ക് ഈ ലോകകപ്പ് അതിനുള്ള ഒരവസരമാണ് ഒരുക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ കപ്പടിക്കാനായി ഇറങ്ങിയെങ്കിലും അവര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തു പോവാനായിരുന്നു വിധി.
നിലവിലെ ഫുട്‌ബോള്‍ താരങ്ങളില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ രാജ്യത്തിനു കിരീടം നല്‍കാനുള്ള കെല്‍പ് റോണോയ്ക്കുണ്ട്.
താരത്തിന്റെ ചിറകിലേറിയാണു ടീം പ്രീക്വാര്‍ട്ടര്‍ കടമ്പകടന്നതും. ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ നാല് ഗോളോടെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന റോണോ ഒരിക്കല്‍ക്കൂടി ഫോം തെളിയിച്ചാല്‍ ടീമിന് പ്രീ ക്വാര്‍ട്ടറിലെത്താം. 1966ല്‍ മൂന്നാം സ്ഥാനവുമായി ലോകകപ്പ് അവസാനിപ്പിക്കേണ്ടി വന്ന പറങ്കികള്‍ക്ക് 2006ലെ നാലാം സ്ഥാനമാണ് പിന്നീട് ആശ്വാസം നല്‍കിയത്.
ഗ്രൂപ്പ് എയില്‍ മൂന്നു കളികളില്‍ മൂന്നും ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് എതിരാളികളായ ഉറുഗ്വേ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചത്. എന്നാല്‍ അവസാന കളിയില്‍ ഇറാനെ സമനിലയില്‍ തളച്ചതോടെയാണ് പോര്‍ച്ചുഗല്‍ അവസാന 16ലെ അംഗമായി ഇടംകണ്ടെത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ, റൊണാള്‍ഡോയെ പൂട്ടി എഡിന്‍സന്‍ കവാനിയും സുവാരസുമടങ്ങുന്ന ആക്രമണനിരയുടെ ഗോള്‍ നേട്ടത്തോടെ വെന്നിക്കൊടി പാറിക്കാനാണ് ഉറുഗ്വേയും ഇന്നു കളത്തിലിറങ്ങുക.
ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് ഉറുഗ്വേ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുന്നത്. 1930നു ശേഷം 1950ല്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നേടിയ ഉറുഗ്വേ 2010ലെ ലോകകപ്പില്‍ നാലാം സ്ഥാനം നേടിയതാണു പിന്നീടുള്ള മികച്ച പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ പ്രീക്വാര്‍ട്ടറില്‍ കടന്ന ഉറുഗ്വേ നിരയെ പ്രീ ക്വാര്‍ട്ടറില്‍ തളയ്ക്കാന്‍ പോര്‍ച്ചുഗലിന് ഇത്തിരിയൊന്നും വിയര്‍ത്തു കളിച്ചാല്‍ പോര. എന്നാല്‍ താരതമ്യേന ദുര്‍ബലരായ മൂന്നു ടീമിനോടാണ് ഉറുഗ്വേ കളിച്ച് ജയിച്ചതെന്നതിനാല്‍ ഗ്രൂപ്പ് പോരിനേക്കാള്‍ മികച്ച കളി പുറത്തെടുക്കാനാണ് ഉറുഗ്വേ ശ്രമിക്കുക. ലോകകപ്പില്‍ ആദ്യമായി ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാവുമെന്നു പ്രഖ്യാപിക്കുക അസാധ്യം.

RELATED STORIES

Share it
Top