പര്‍സാഘട്ട് കൂട്ട ബലാല്‍സംഗം: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രധാനാധ്യാപകനും അധ്യാപകരും 16 സഹപാഠികളും

പട്‌ന: സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും 16 വിദ്യാര്‍ഥികളും ലൈംഗികമായി പീഡിപ്പിച്ചതായി പതിമൂന്നുകാരിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാന അധ്യാപകനെയും മറ്റൊരു അധ്യാപകനെയും നാലു വിദ്യാര്‍ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ജുവൈനല്‍ ഹോമിലയച്ചു. ബിഹാറിലെ സറന്‍ ജില്ലയിലെ പര്‍സാഘട്ട് ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലാണു സംഭവം.
19 പേര്‍ ചേര്‍ന്നു കഴിഞ്ഞ ഏഴുമാസമായി ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ ഡിസംബറില്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ചാണ് സഹപാഠികള്‍ കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുന്നത്. പീഡനരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പരാതി നല്‍കിയാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കുട്ടിയെ നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെ പറ്റി പരാതിപ്പെടാനാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ അടുത്ത് കുട്ടി പോയത്.
പക്ഷേ പരാതി കേട്ട പ്രധാന അധ്യാപകന്‍ രക്ഷിക്കുന്നതിനു പകരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. ഇക്കാര്യമറിഞ്ഞ മറ്റു രണ്ട് അധ്യാപകരും പീഡിപ്പിച്ചു. 19 പേരുടെയും പേരുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആറുപേര്‍ പിടിയിലായെങ്കിലും ബാക്കിയുള്ളവര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ തന്നെ പിടികൂടാനാവുമെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top