പര്‍വ്വതാരോഹകര്‍ ജാഗ്രത പാലിക്കണം.

റാസല്‍ഖൈമ: പര്‍വതാരോഹണം നടത്താനാഗ്രഹിക്കുന്ന ട്രക്കര്‍മാര്‍, ടൂറിസ്റ്റുകള്‍, രാജ്യത്തെ താമസക്കാര്‍ എന്നിവര്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്ന് റാക് പൊലീസ് മാധ്യമപൊതുജനസമ്പര്‍ക്ക വകുപ്പ് മേധാവി മേജര്‍ ഖാലിദ് അല്‍നഖ്ബി അറിയിച്ചു. പര്‍വതത്തില്‍ കയറുന്നവര്‍ നല്ല ജാഗ്രത സൂക്ഷിക്കണം. പര്‍വതാരോഹണം മുന്‍പ് നടത്താത്തവരും വൈദഗ്ധ്യമില്ലാത്തവരുമാണെങ്കില്‍ അവര്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് സുരക്ഷിതത്വത്തിന് ഉചിതം. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യക്കാരി ഗലീല പര്‍വതത്തില്‍ നിന്ന് വീണു മരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഇറക്കിയിരിക്കുന്നത്. പര്‍വത പ്രദേശങ്ങള്‍ അതീവ ദുര്‍ഘടമാണെന്നും അപകട സാധ്യത കൂടുതലാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇതുസംബന്ധമായി പൊലീസ് ലഘുലേഖകളും മറ്റുമായി നിരവധി ബോധവത്കരണ കാമ്പയിനുകള്‍ നേരത്തെ തന്നെ വ്യാപകമായി നടത്തി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കിടെ സഹായം ആവശ്യമുള്ളവര്‍ റാക് പൊലീസിന്റെ 999 നമ്പറില്‍ ബന്ധപ്പെടണം. പുതിയ സുരക്ഷാ പദ്ധതികള്‍ മുഖേന അപകടങ്ങള്‍ കുറക്കാന്‍ റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റിയുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പര്‍വതാരോഹകര്‍ ജിപിഎസ്, അശല്ലങ്കില്‍ മറ്റുപകരണങ്ങള്‍ ഘടിപ്പിക്കേണ്ടതാണ്. അതുവഴി, പൊലീസിന് തിരിച്ചറിയാനും ലൊക്കേഷന്‍ കണ്ടെത്താനും സാധിക്കും. ഹെല്‍മെറ്റ്, ബെല്‍റ്റ്, ബൂട്ടുകള്‍, കയര്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ കൂടെക്കരുതണം. അനിശ്ചിത കാലാവസ്ഥയില്‍ പര്‍വതാരോഹണം നടത്തരുത്. മതിയായ ഭക്ഷണവും കുടിവെള്ളവും നിര്‍ബന്ധമായും ഒപ്പമുണ്ടാവണമെന്നും അദ്ദേഹം വിശദീകരിച്ചു.

RELATED STORIES

Share it
Top