പരീക്ഷാ ക്രമക്കേടുകള്‍ തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ ദിവസം നടന്ന സിബിഎസ്ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിക്കൊണ്ടുള്ള അധികൃതരുടെ പ്രഖ്യാപനം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓര്‍ക്കാപ്പുറത്തു ലഭിച്ച ഇരുട്ടടിയായിപ്പോയി എന്നു പറയാതെ വയ്യ. മാസങ്ങളായി പരീക്ഷച്ചൂടില്‍ എരിഞ്ഞുനീങ്ങിയ ദിനരാത്രങ്ങളില്‍ നിന്ന് മുക്തമായതിന്റെ ആഹ്ലാദപ്രഹര്‍ഷങ്ങളിലേക്കും ആരവങ്ങളിലേക്കും ഓടിയിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഈ പ്രഖ്യാപനം അവരുടെ തലയ്ക്കുമേല്‍ പതിച്ച ഇടിവാളായാണ് അനുഭവപ്പെട്ടത്.
പത്താം ക്ലാസിലെ ഗണിതശാസ്ത്രത്തിന്റെയും പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ റദ്ദാക്കിയിരിക്കുന്നത്. പരീക്ഷകള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് ഡല്‍ഹിയിലാണ് വാട്‌സ്ആപ്പ് വഴിയും മറ്റും ചോദ്യപേപ്പറുകള്‍ പ്രചരിച്ചത്. ഈ പരീക്ഷകള്‍ വീണ്ടും നടത്തുമെന്നും തിയ്യതി ഒരാഴ്ചയ്ക്കകം അറിയിക്കുമെന്നുമാണ് ബോര്‍ഡ് അധികാരികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ബോര്‍ഡ് ആഭ്യന്തര അന്വേഷണം നടത്തുമെന്നും ചോര്‍ച്ച തടയുന്നതിനായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ പ്രതികരണം.
പരീക്ഷകള്‍ റദ്ദാക്കിയതും പുനപ്പരീക്ഷകള്‍ പ്രഖ്യാപിച്ചതും രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. വിദ്യാര്‍ഥികളും രക്ഷിതാക്കളും മാധ്യമങ്ങള്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും മുമ്പില്‍ തങ്ങളുടെ അമര്‍ഷത്തിന്റെ കെട്ടഴിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. തലസ്ഥാനനഗരിയിലടക്കം രാജ്യത്തെങ്ങും വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു.
ഡല്‍ഹിയില്‍ സംഭവിച്ച തെറ്റിന് തങ്ങളെന്തു പിഴച്ചുവെന്നാണ് രാജ്യത്തിന്റെ വിദൂരദിക്കുകളില്‍ നിന്ന് ഉയരുന്ന ചോദ്യം. ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയ്ക്ക് നിരപരാധികളായ വിദ്യാര്‍ഥികള്‍ ബലിയാടാവേണ്ടിവരുകയാണെന്ന അവരുടെ പരിദേവനങ്ങള്‍ക്കു പക്ഷേ, ആരാണ് ഉത്തരം നല്‍കുക?
ചോദ്യപേപ്പറുകള്‍ ചോരുന്ന സംഭവങ്ങള്‍ രാജ്യത്ത് ആദ്യത്തേതല്ല. ഏതാണ്ട് എല്ലാ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കേരളത്തിലും ഇത്തവണ പ്ലസ്ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷത്തിന്റെ നിര്‍വികാരത മുതലെടുത്ത് ഒരു അന്വേഷണ പ്രഹസനത്തിലൂടെ വിഷയം അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തല്‍ക്കാലം തങ്ങളുടെ മുഖം രക്ഷിക്കുക എന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് മുന്‍ഗണന നല്‍കിയത് എന്നു തോന്നുംവിധമാണ് അന്വേഷണവും എല്ലാം ശുഭമാണെന്ന പ്രഖ്യാപനവും വന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായങ്ങളില്ലാതെ ഇത്തരം ചോര്‍ച്ചകള്‍ സംഭവിക്കില്ല എന്നത് ഉറപ്പാണ്. വര്‍ഷം മുഴുവന്‍ ഉഴപ്പിനടന്ന് കൈയിലെ പണം കൊണ്ട് പരീക്ഷാവിധികള്‍ വിലയ്‌ക്കെടുക്കാന്‍ ഇറങ്ങിയ ഏതെങ്കിലും കുബേരപുത്രന്മാര്‍ക്കു വേണ്ടിയാവും ഈ ചോര്‍ച്ചകള്‍ നടന്നിരിക്കുക. പട്ടിണി കിടന്നും ഉറക്കമിളച്ചും രാപകല്‍ അധ്വാനിച്ചുനേടുന്ന വിജയങ്ങള്‍ക്കു മേല്‍ പണത്തിലേറി പറന്നിറങ്ങുന്ന കഴുകന്മാരെ തളയ്ക്കാന്‍ ശക്തമായ നടപടികളാണ് ഉണ്ടാവേണ്ടത്.

RELATED STORIES

Share it
Top