പരീക്ഷാര്‍ഥിയെ വട്ടംകറക്കി ഐസിഎആര്‍ എന്‍ട്രന്‍സ് പരീക്ഷ

കാഞ്ഞങ്ങാട്: നീറ്റിന് പുറകേ അപേക്ഷകരെ വട്ടംകറക്കി ഐസിഎആര്‍ പരീക്ഷയും. കാഞ്ഞങ്ങാട് നിന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് പരീക്ഷയ്ക്ക് അപേക്ഷിച്ച പി ബാലശങ്കറിന് പരീക്ഷാ കേന്ദ്രം ലഭിച്ചത് 1874 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ ഉള്‍ഗ്രാമത്തില്‍. കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളിലും സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകളിലും അഡ്മിഷന്‍ ലഭിക്കാനുള്ള യോഗ്യതാ പരീക്ഷയാണിത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് കേരള കാര്‍ഷിക കോളജുകളില്‍ 15 ശതമാനം സംവരണമുണ്ട്.
ഓള്‍ ഇന്ത്യാ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ അണ്ടര്‍ ഗ്രാജുവേറ്റിനുള്ള അപേക്ഷയാണ്. ഇതിന്റെ പരീക്ഷ ജൂണ്‍ 22, 23 തിയ്യതികളില്‍ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുകയാണ്. നേരത്തെ അപേക്ഷ അയച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം വരെ ഹാള്‍ ടിക്കറ്റ് നോക്കിയപ്പോള്‍ അണ്ടര്‍ പ്രോസസിങ് എന്നാണ് കണ്ടത്. എന്നാല്‍ 17ന് രാവിലെ ഹാള്‍ടിക്കറ്റ് ലഭിച്ചപ്പോള്‍ ലദാര്‍ എന്ന സെന്ററിലാണ് പരീക്ഷയെന്ന് കണ്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഈ സെന്ററില്‍ എത്തണമെങ്കില്‍ ഭോപ്പാലില്‍ നിന്ന് നാല് മണിക്കൂറോളം സഞ്ചരിക്കണം. കാഞ്ഞങ്ങാട് നിന്നും രണ്ട് ട്രെയിനുകളില്‍ രണ്ടര ദിവസം യാത്ര ചെയ്താല്‍ മാത്രമാണ് ഈ സ്ഥലത്തെ എത്താന്‍ സാധിക്കു.
അപേക്ഷിക്കുമ്പോള്‍ കൊച്ചി, കൊല്ലം, മംഗളൂരു എന്നീ സെന്ററുകളാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ബാലശങ്കര്‍ അപേക്ഷിച്ചതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം അപേക്ഷിച്ച കാഞ്ഞങ്ങാട്ടെ ഹരിത എന്ന വിദ്യാര്‍ഥിക്ക് മംഗളൂരു സെന്റര്‍ ലഭിച്ചിട്ടുണ്ട്. ഐസിഎആറില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല.

RELATED STORIES

Share it
Top