പരീക്ഷാമുന്നൊരുക്കത്തിനിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൂട്ടസ്ഥലംമാറ്റം

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പരീക്ഷാമുന്നൊരുക്കത്തിനിടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കൂട്ടസ്ഥലംമാറ്റം. 2018-19 വര്‍ഷത്തെ പരീക്ഷാനടപടികള്‍ നടക്കാനിരിക്കെയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള കരട് ലിസ്റ്റ് വന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ അടക്കം സാങ്കേതികക്കുരുക്കില്‍പ്പെട്ട് മുടങ്ങിപ്പോയിരുന്നു. ഇതിനെതിരേ ഒരുവിഭാഗം അധ്യാപകര്‍ കോടതിയെ സമീപിച്ചതോടെ ട്രാന്‍സ്ഫര്‍ ലിസ്റ്റ് വീണ്ടും നിയമക്കുരുക്കില്‍പ്പെട്ടു. എന്നാല്‍, കേരള ഹൈക്കോടതിയുടെ ഇടപെടലില്‍ സംസ്ഥാനത്തൊട്ടാകെ ട്രാന്‍സ്ഫര്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിതമാവുകയാണുണ്ടായത്. ഇത് ഇന്നുമുതല്‍ നടപ്പാവുമെന്നാണ് അറിയുന്നത്. കരട് പട്ടിക നടപ്പാവുന്നതോടെ അത് സ്‌കൂളുകളുടെ പഠനനിലവാരത്തെ ബാധിക്കും. അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ എടുത്ത അധ്യാപകന്‍ പാഠഭാഗങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പുതിയ സ്‌കൂളിലേക്കു പോവേണ്ട സ്ഥിതിയാണുണ്ടാവുക. മാസങ്ങളായി വിദ്യാര്‍ഥികളുമായി മാനസികമായി അടുത്ത അധ്യാപകന്‍ പരീക്ഷാമുന്നൊരുക്കത്തിനു മുമ്പ് പടിയിറങ്ങുന്നത് സ്‌കൂളുകളുടെ പഠനനിലവാരത്തെ ബാധിക്കും.
നിപാ വൈറസ് പ്രശ്‌നവും കാലവര്‍ഷദുരിതവും മൂലം അധ്യയനദിവസങ്ങള്‍ ഏറെ നഷ്ടപ്പെട്ട സ്‌കൂളുകള്‍ക്ക് അധ്യാപകരുടെ സ്ഥലംമാറ്റം പ്രയാസകരമാവും. അധിക സ്‌കൂളുകളിലും വര്‍ഷങ്ങളായി സ്‌കൂളിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്ന പ്രഗല്ഭ അധ്യാപകരാണു വിടപറയുന്നത്. സബ്ജില്ലാ, ജില്ലാതല സ്‌കൂള്‍ കലാ-കായിക, ഗണിതശാസ്ത്ര മല്‍സരങ്ങള്‍ക്കും വിദ്യാര്‍ഥികളെ ഒരുക്കുന്നത് ഇത്തരം അധ്യാപകരാണ്. വകുപ്പുതലത്തില്‍ കോടതി നിര്‍ദേശപ്രകാരം നടപ്പാക്കുന്ന മാറ്റത്തെ മറികടക്കാന്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും സമ്മര്‍ദത്തില്‍ അധ്യാപകര്‍ വിദ്യാഭ്യാസവകുപ്പില്‍ ഹരജികള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്.

RELATED STORIES

Share it
Top