പരീക്ഷാഫലം വന്നിട്ട് മാസങ്ങള്‍; സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഹയര്‍ സെക്കന്‍ഡറി തുല്യതക്കാര്‍

നിഷാദ്  എം  ബഷീര്‍
കോട്ടയം: ഫലം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ വിജയിച്ചവര്‍ ആശങ്കയില്‍. ഹയര്‍ സെക്കന്‍ഡറി തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ 'ഉപരിപഠനത്തിന് അര്‍ഹത' എന്ന ഭാഗം ഉള്‍പ്പെടുത്താത്തതാണ് സര്‍ട്ടിഫിക്കറ്റ് വിതരണം അനിശ്ചിതത്വത്തിലാക്കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാനത്ത് ആദ്യമായി ഹയര്‍ സെക്കന്‍ഡറി തുല്യതാപരീക്ഷ നടന്നത്. തുല്യതാ കോഴ്‌സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പരീക്ഷാ ചുമതല ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനുമാണ്. 12,000 ഓളം പേര്‍ പരീക്ഷയെഴുതിയതില്‍ 10,000 പേര്‍ വിജയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് 'എലിജിബിള്‍ ഫോര്‍ ഹയര്‍ സ്റ്റഡീസ്' എന്ന ഭാഗം ഉള്‍പ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടത്.
ഇതേത്തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നുമറിയാതെ തുല്യതാപരീക്ഷയില്‍ വിജയിച്ചവര്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കിയശേഷം സാക്ഷരതാ മിഷനുമായി ബന്ധപ്പെട്ടപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതില്‍ സാങ്കേതികതടസ്സമുണ്ടെന്ന വിവരം ലഭിക്കുന്നത്. എംജി, കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ മാര്‍ക്ക്‌ലിസ്റ്റ് ഉപയോഗിച്ച് പ്രൈവറ്റ് രജിസ്‌ട്രേഷനായി അപേക്ഷിച്ചവരോട് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പു ലഭിക്കാത്തത് ഉപരിപഠനത്തിന് ശ്രമിക്കുന്ന തുല്യതക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സാക്ഷരതാ മിഷന്‍ സര്‍ക്കാരിനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനും ഇതുസംബന്ധിച്ച് കത്ത് നല്‍കി.
സര്‍ട്ടിഫിക്കറ്റില്‍ 'ഉപരിപഠനത്തിന് അര്‍ഹത' എന്ന ഭാഗം ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. റൂള്‍സ് കമ്മിറ്റിയാണ് ഇക്കാര്യം ഇപ്പോള്‍ പരിശോധിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവിറക്കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റിന് സ്വന്തം നിലയില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ വിജ്ഞാപനത്തില്‍ 'ഉപരിപഠനത്തിന് അര്‍ഹത' എന്നു രേഖപ്പെടുത്താതിരുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പ്രതികരിച്ചു.
വിഷയം അപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍ നിന്ന് പഠനം തുടരാനും പൂര്‍ത്തിയാക്കാനും പറ്റാത്തവരാണ് സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതി വിജയിച്ചത്. സാക്ഷരതാ മിഷന്റെ പ്ലസ്ടു തുല്യതാ കോഴ്‌സ് ജോലിക്കും മറ്റും പിഎസ്‌സി അംഗീകരിച്ചിട്ടുമുണ്ട്. ഫലം പ്രസിദ്ധീകരിച്ച് നാലുമാസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാത്തത് വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാണ്.

RELATED STORIES

Share it
Top