പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ കൈ മുറിപ്പിച്ചതായി പരാതി

കോഴിക്കോട്: മുഴുക്കൈ വസ്ത്രമണിഞ്ഞെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ അധികൃതര്‍ മുറിപ്പിച്ചതായി പരാതി. ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ രണ്ടു വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റ കൈ ആണ് അധികൃതര്‍ മുറിപ്പിച്ചത്.
എന്നാല്‍, ചില വിദ്യാര്‍ഥികള്‍ മുഴുക്കൈ വസ്ത്രമണിഞ്ഞു തന്നെ പരീക്ഷയെഴുതിയതായും പറയുന്നു. വൈകിയെത്തിയ രണ്ടുപേരുടെ വസ്ത്രം പോലിസ് സാന്നിധ്യത്തില്‍ അധികൃതര്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇതിനെതിരേ നേരിയ പ്രതിഷേധമുണ്ടായി. മുഴുക്കൈ വസ്ത്രമണിഞ്ഞെത്തിയ മറ്റു ചിലര്‍ രക്ഷിതാക്കളുടെ സഹായത്തോടെ പുറത്തുനിന്നേ കൈ മുറിച്ചാണ് അകത്തു കയറിയത്. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ തന്നെ നീറ്റ് അധികൃതര്‍ നല്‍കിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത് സര്‍ക്കാര്‍ പുറപ്പെടുവിച്ച പൊതുമാനദണ്ഡം അനുസരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണു ചെയ്തത് എന്നാണ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന പരാതിയും ഇവിടെനിന്നുണ്ടായി. ജില്ലയില്‍ 43 കേന്ദ്രങ്ങളിലായി 28,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെങ്കിലും മറ്റൊരു കേന്ദ്രത്തില്‍നിന്നും ഇത്തരം പ്രശ്‌നം ഉയര്‍ന്നുവന്നിട്ടില്ല. ഉള്‍വസ്ത്രം അഴിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ വിവാദമായിരുന്നു.

RELATED STORIES

Share it
Top