പരിഹാസവും പായ്യാരവും മാത്രം ഭരണനേട്ടങ്ങള്‍

ഇന്ദ്രപ്രസ്ഥം -  നിരീക്ഷകന്‍
ഇത്തവണ നരേന്ദ്ര മോദിയുടെ അമ്പത്താറിഞ്ച് നെഞ്ചളവും നാല്‍പതു മുഴം നാവും വേണ്ടവിധം ഏശിയില്ലെന്നാണ് തോന്നുന്നത്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം വരുമ്പോള്‍ ജയിക്കാന്‍ പിന്തുണ ഒപ്പിച്ചെടുക്കാന്‍ ഭരണകക്ഷി പാടുപെടുകയായിരുന്നു. എത്രയോ കാലം കൂടെ കഴിഞ്ഞ ശിവസേന പോലും കൈവിട്ട അവസ്ഥയിലായിരുന്നു. ജയലളിതപ്പാര്‍ട്ടിയുടെ അംഗങ്ങളെയും നാട്ടിലെങ്ങുമുള്ള ലൊട്ടുലൊടുക്ക് പാര്‍ട്ടിക്കാരെയുമൊക്കെ ചേര്‍ത്തുനിര്‍ത്തിയാണ് പിന്തുണ ഉറപ്പിച്ചെടുത്തത്. ഇനി ഒരു കൊല്ലത്തില്‍ താഴെ മാത്രമാണ് കാലാവധി ബാക്കി. അത്രയും കാലം ഭരണം മുന്നോട്ടുകൊണ്ടുപോകണം. ഒത്താല്‍ അടുത്ത തവണയും കസേര പിടിക്കണം. അതാണ് മിനിമം പരിപാടി.
പക്ഷേ, പാര്‍ലമെന്റില്‍ പപ്പുവിന്റെ പ്രകടനം കലക്കിയെന്നാണ് പശുഭക്തരായ ചില അംഗങ്ങള്‍ പോലും തുറന്നുപറഞ്ഞത്. രാഹുല്‍ജി പൊതുവേ മിതഭാഷിയും ശാന്തനുമാണ്. അധികം മെയ്യഭ്യാസപ്രകടനത്തിനൊന്നും മുതിരാറില്ല. മാന്യമായ പ്രതിപക്ഷം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ രീതികള്‍. ഭരണപക്ഷം മറിച്ചും. ഡയലോഗടിച്ചു നാട്ടുകാരെ അമ്പരപ്പില്‍ നിര്‍ത്തുന്നതില്‍ വിദഗ്ധനാണ് പ്രധാനമന്ത്രി മോദിയദ്യം. നാക്കിന്റെ ബലം അത്രയധികമാണ്. ഹിന്ദിയില്‍ മണിമണി പോലെ പ്രസംഗിക്കാന്‍ അറിയാം. ആളെ കളിയാക്കാനും കൊച്ചാക്കാനും സമര്‍ഥന്‍. അതിന്റെ തെളിവാണല്ലോ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുടെ യുവനേതാവിനെ പപ്പു എന്നു വിളിച്ച് കളിയാക്കി നടന്നത്.
ഇത്തവണ രാഹുല്‍ജി അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു. പപ്പുവെന്ന് വയറു നിറയെ വിളിച്ചോളൂ. പക്ഷേ, നാട്ടുകാര്‍ക്കു തരാമെന്നേറ്റ 15 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം എവിടെ? പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴിലവസരം എന്നു വാഗ്ദാനം ചെയ്തല്ലേ അധികാരം കൈയടക്കിയത്? എന്നിട്ട് എത്ര പേര്‍ക്ക് പണി നല്‍കി? കൃഷിക്കാരുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്നല്ലേ വീമ്പടിച്ചത്? എന്നിട്ട് എത്ര കൃഷിക്കാര്‍ക്കാണ് കഞ്ഞി കുടിക്കാനുള്ള കാശെങ്കിലും ലഭ്യമായത്? എന്തുകൊണ്ടാണ് കര്‍ഷകര്‍ നാടെങ്ങും ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി ലോകം ചുറ്റുന്നത്?
കുറിക്കു കൊള്ളുന്ന ചോദ്യങ്ങളാണ് സഭയില്‍ രാഹുല്‍ജി ചോദിച്ചത്. അടുത്ത അങ്കം കെങ്കേമമായിരിക്കും എന്നുതന്നെയാണ് അദ്ദേഹത്തിന്റെ ശരീരഭാഷ ശ്രദ്ധിച്ചവര്‍ പറയുന്നത്. ഇന്നലെ വരെ കണ്ട പാവം പപ്പുവല്ല ഇത് എന്നു തീര്‍ച്ച. കോണ്‍ഗ്രസ്സിന്റെ നായകന്‍ കരുത്തനാണെന്ന തോന്നലാണ് രാജ്യത്തിനു സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം നല്‍കിയത്.
അതു പ്രധാനമന്ത്രിക്കും ബോധ്യമായിത്തുടങ്ങിയെന്നു തോന്നുന്നു. കാരണം, ഇപ്പോള്‍ പരിഹാസത്തേക്കാള്‍ സെല്‍ഫ് പിറ്റി അഥവാ പായ്യാരംപറച്ചില്‍ എന്ന രീതിയാണ് പ്രധാനമന്ത്രി പുറത്തെടുത്തത്. രാഹുല്‍ജി ചോദിച്ചത്, എന്താണ് മോദി തന്റെ മുഖത്തു നോക്കാത്തത് എന്നാണ്. എന്താണ് അദ്ദേഹത്തിനു മറയ്ക്കാനുള്ളത്? ആര്‍ക്കാണ് റഫേല്‍ വിമാന ഇടപാടില്‍ 45,000 കോടി കമ്മീഷന്‍ ഇനത്തില്‍ അദ്ദേഹം സംഘടിപ്പിച്ചുകൊടുത്തത്? പ്രധാനമന്ത്രിയുടെ വ്യക്തിപൂജയ്ക്ക് ടിയാന്‍ എത്ര കോടിയാണ് ചെലവാക്കിയത്? എന്താണ് ഈ കച്ചവടത്തിനു പിന്നില്‍? രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ പൂട്ടു പൊളിച്ച് കാശ് അടിച്ചുമാറ്റുന്നത് കണ്ടില്ലെന്നു നടിക്കാനാവുമോ?
അതിനു മറുപടി പറയാതെ, താന്‍ താണജാതിക്കാരനാണെന്നും പ്രമാണിമാരുടെ മുഖത്തു നോക്കാന്‍ ധൈര്യമില്ലെന്നും പറഞ്ഞ് ഒഴിയുകയാണ് മോദി ചെയ്തത്. രാജ്യത്ത് താണജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരുടെ മുഖത്തു നോക്കാന്‍ ധൈര്യമില്ലെന്നു പറയുന്ന പ്രധാനമന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നത്? നാട്ടില്‍ ജാതിപീഡനങ്ങള്‍ തടയാന്‍ ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ടല്ലോ. അതു നടപ്പാക്കാന്‍ പോലിസും ജുഡീഷ്യറിയും ഒക്കെയുണ്ട്. അതൊന്നും പ്രവര്‍ത്തിപ്പിക്കാന്‍ മോദി സര്‍ക്കാരിനു സാധിക്കുന്നില്ല എന്നാണോ പറയുന്നത്? എങ്കില്‍ പിന്നെ എന്തിനാണ് അധികാരവും പദവിയും കൈയില്‍ വച്ചിരിക്കുന്നത്?
ഇത്തവണ ഭരണം തിരിച്ചുപിടിക്കല്‍ എളുപ്പമല്ലെന്ന് മോദിക്ക് നന്നായറിയാം. പരിഹാസം കൊണ്ട് ആളുകളെ കൊച്ചാക്കുന്ന പരിപാടി പഴയ പോലെ ചെലവാകുന്നില്ലെന്നും പുള്ളിക്കാരനു കൃത്യമായി ബോധ്യമുണ്ട്. ഭരണനേട്ടങ്ങള്‍ പറയലാണ് പ്രധാനം. പക്ഷേ, നാട്ടുകാര്‍ക്കു കൂടി ബോധ്യമാവുന്ന നേട്ടങ്ങള്‍ എവിടെയാണ് ഈ സര്‍ക്കാരിന്റെ വകയായി ഉള്ളത്?                                                        ി

RELATED STORIES

Share it
Top