പരിഹാരമായെന്ന് കരുതുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്‌

കൊച്ചി: സുപ്രിംകോടതിയുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നയിച്ച പ്രശ്‌നത്തിനു പരിഹാരമായിക്കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് സുപ്രിംകോടതിയിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചതെന്നും സുപ്രിംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രശ്‌നം ഉന്നയിക്കപ്പെട്ടു. ആ പ്രശ്‌നം ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കും. ഭാവിയില്‍  ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. ജുഡീഷ്യറിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. പുറത്തുള്ളവര്‍ ഇതില്‍ ഇടപെടേണ്ട യാതൊരു ആവശ്യവുമില്ല. വിഷയം രാഷ്ട്രപതിയുടെ മുന്നില്‍ അവതരിപ്പിച്ചിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ സമീപിക്കാതിരുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനപ്പുറം രാഷ്ട്രപതിക്ക് സുപ്രിംകോടതിയുടെയോ ജഡ്ജിമാരുടെയോ  മുകളില്‍ ഭരണഘടനാപരമായ  ഉത്തരവാദിത്തങ്ങളുമില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
ജുഡീഷ്യറിയിലുളള വിശ്വാസം കൂടുതല്‍ മോശമാകാതിരിക്കാനാണ് വിഷയം മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top