പരിസ്ഥിതി ലോല മേഖല: 'തോട്ടങ്ങളെ ഒഴിവാക്കിയെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകം'

തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന തോട്ടങ്ങളെ കേരള ഫോറസ്റ്റ് ആക്റ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.
2003ലെ കേരള ഫോറസ്റ്റ്  ആക്റ്റിന്റെ സെക്ഷന്‍ 2 (സി) പ്രകാരം തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ ദീര്‍ഘകാലവിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാണ്. അതുകൊണ്ട് പുതുതായി നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഈ നിയമവ്യവസ്ഥ നിലനില്‍ക്കെ തന്നെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് തോട്ടങ്ങള്‍ വനംവകുപ്പ് പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ ഈ പ്രശ്‌നവും പരിശോധിക്കുകയുണ്ടായി. നിയമത്തിന്റെ പൂര്‍ണ സംരക്ഷണം തോട്ടങ്ങള്‍ക്കു ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന ശുപാര്‍ശയും കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്ന നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ടുവച്ചത്.
കമ്മീഷനെ നിയോഗിച്ചത് 2015 നവംബര്‍ 27ന് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. റിപോര്‍ട്ട് സമര്‍പ്പിച്ചത് 2016 ആഗസ്ത് 15നും. കമ്മീഷന്‍ റിപോര്‍ട്ടിന്റെയും അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല കമ്മിറ്റി തയ്യാറാക്കിയ ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ 20നു ചേര്‍ന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഇന്നലെ നിയമസഭയെ അറിയിക്കുകയുണ്ടായി. കേരള ഫോറസ്റ്റ് ആക്റ്റിന്റെ പരിധിയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്ന വസ്തുത തീരുമാനങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്.
ഇക്കാര്യത്തില്‍ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. തോട്ടം മേഖല ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുത്തത്. ഈ തീരുമാനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ താല്‍പര്യത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. അതേസമയം, തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം മന്ത്രിസഭായോഗം സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മിക്കുന്നതാണ്. ഇതിന് ആവശ്യമായിവരുന്ന ചെലവിന്റെ 50 ശതമാനം സര്‍ക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്‌റ്റേറ്റ് ഉടമകള്‍ സൗജന്യമായി സര്‍ക്കാരിനു ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് തൊഴില്‍വകുപ്പ് നടപടി സ്വീകരിക്കും.

RELATED STORIES

Share it
Top