'പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങളെ'

മല്ലപ്പള്ളി: പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന പദ്ധതികളെ എതിര്‍ക്കുന്നുവെന്നവാദം കോര്‍പ്പറേറ്റുകള്‍ സമൂഹത്തില്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും, പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിയെയല്ല അതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക സാമൂഹ്യപ്രശ്‌നങ്ങളെയാണെന്നും അതുമുന്നില്‍ കണ്ടുള്ള പ്രതിരോധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ആഹ്വാനവുമായി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സമ്മേളനം സമാപിച്ചു.
വികസനത്തിന്റെ പേരില്‍ ശാസ്ത്രീയ പഠനങ്ങളില്ലാതെ പല പദ്ധതികളും അടിച്ചേല്‍പ്പിക്കുന്നത് സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നും അതിന്റെ ഉദാഹരണമാണ് പെരുന്തേനരുവി ജല വൈദ്യുത പദ്ധതിയെന്നും പെരുന്തേനരുവിയിലെ ജലലഭ്യത മനസിലാക്കാതെ പദ്ധതി നടപ്പാക്കിയത് തികഞ്ഞ പരാജയമായിത്തീരുമെന്നും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിവക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പൊതു ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെയും പാരിസ്ഥിതിക ആഘാത പഠന നിയമങ്ങള്‍ പാലിക്കാതെ ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് ജില്ലയില്‍ ആറ് ക്വാറികള്‍ക്ക് കളക്ടര്‍ അടങ്ങുന്ന ജില്ല പരിസ്ഥിതി ആഘാത പഠന നിര്‍ണ്ണയ അതോറിറ്റി അനുമതി നല്‍കിയതെന്നും ഇത് പുനപരിശോധിക്കണമെന്നും കൃഷിയ്ക്കു വേണ്ടി തരിശുഭൂമി പതിച്ച് നല്‍കിയ മണ്ണടി കന്നിമലയില്‍ യാതൊരുവിധ ഖനന പ്രവര്‍ത്തികള്‍ക്കും അനുമതി നല്‍കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഡോ: ജോസ് പാറക്കടവില്‍ ഉദ്ഘാടനം ചെയ്തു. ടി കെ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്ര ട്ടറി  പി എസ് രവി ഡോ: എ ലത അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് ബാബുജി, എന്‍ കെ സുകുമാരന്‍നായര്‍, അവിനാഷ് പള്ളീനഴികത്ത് പ്രഫ: ഫിലിപ്പ് എം തോമസ് ,പ്രഫ: ബിജിഎബ്രഹാം സത്യന്‍ ടി എം, ഇ പി അനില്‍, ബിജു വി ജേക്കബ്, റജി മലയാലപ്പുഴ സംസാരിച്ചു. അവിനാഷ് പള്ളീനഴികത്തിന് പ്രസിഡന്റായും റജി മലയാലപ്പുഴയെ സെക്രട്ടറിയായും അനില്‍ സി പള്ളിക്കകലിനെ ജോ: സെക്രട്ടറിയായും ബാബു ജോണ്‍ വൈസ് പ്രസിഡന്റായുമുള്ള 27 അംഗ ജില്ലാ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top