പരിസ്ഥിതി പ്രവര്‍ത്തകരെ പോലിസ് കള്ളക്കേസില്‍ കുടുക്കി

കൊച്ചി: വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖ വ്യാജമായി ഉണ്ടാക്കിയതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരെ പോലിസ് കേസില്‍ കുടുക്കിയതായി ആരോപണം. സിഎംആര്‍എല്‍ കമ്പനിയുടെ പരിസ്ഥിതി മലിനീകരണം സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ ഡി ചിത്രാകുമാരി തയ്യാറാക്കിയ റിപോര്‍ട്ടാണ് വ്യാജമാണെന്ന ആക്ഷേപവുമായി കമ്പനി രംഗത്തുവന്നിട്ടുള്ളതെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ പ്രവര്‍ത്തകരായ പുരുഷന്‍ ഏലൂര്‍, ഷിജു മാനുവല്‍ എന്നിവര്‍ക്കെതിരേയാണ് ജാമ്യമില്ലാത്ത വകുപ്പുകളുള്‍പ്പെടുത്തി വാരാപ്പുഴ പോലിസ് കേസെടുത്തത്. ഒന്നാം പ്രതി ഷിബു മാനുവലിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലുമാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെ കള്ളക്കേസില്‍ കുടുക്കാനായി കെട്ടിച്ചമച്ചതാണു കേസെന്ന് നീലകണ്ഠന്‍ കുറ്റപ്പെടുത്തി.ഭരണസ്വാധീനവും പണവും ഉപയോഗിച്ച് പരിസ്ഥിതി പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന് നീലകണ്ഠന്‍ ആവശ്യപ്പെട്ടു. ഈ കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നടത്തിയ നിരന്തര സമരത്തിന്റെ ഫലമായാണു പരിസ്ഥിതി എന്‍ജിനീയര്‍ സമഗ്ര റിപോര്‍ട്ട് തയ്യാറാക്കിയത്. കമ്പനിയുടെ അനധികൃത ഔട്ട്‌ലെറ്റില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങളാണു പെരിയാറിലെ നിറവ്യത്യാസത്തിനും മല്‍സ്യക്കുരുതിക്കും കാരണമെന്നു റിപോര്‍ട്ട് അടിവരയിട്ടു പറയുന്നു. കമ്പനിക്ക് തലവേദനയാവുമെന്ന് കണ്ടാണ് റിപോര്‍ട്ട് വ്യാജമാണെന്ന ആരോപണവുമായി കമ്പനി പോലിസിനെ സമീപിച്ചത്. എന്നാല്‍ റിപോര്‍ട്ട് 2015 സപ്തംബര്‍ 15ന് വിവരാവകാശ നിയമപ്രകാരം കിട്ടിയതാണെന്നു നീലകണ്ഠന്‍ അറിയിച്ചു. ഇതു തെളിയിക്കുന്ന രേഖകളും അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി. ഹൈക്കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ കേസെടുക്കുന്നത് അതിന്റെ പരിധിയിലുള്ള സ്റ്റേഷനിലായിരിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പ്രതികളുടെ മാതൃസ്‌റ്റേഷനില്‍ ആയിരിക്കണം. ഇതു രണ്ടും ഇവിടെ പാലിക്കപ്പെട്ടില്ല. തുമായി യാതോരു ബന്ധവുമില്ലാത്ത വാരാപ്പുഴ പോലിസാണ് കേസെടുത്തത്. ഇത് കമ്പനിയുടെ ദുസ്വാധീനം മൂലമാണെന്നു നീലകണ്ഠന്‍ ആരോപിച്ചു. പരിസ്ഥിതിപ്രവര്‍ത്തകരായ സി ഐ അന്‍വര്‍, എം എം സക്കീര്‍ ഹുസയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top