പരിസ്ഥിതി ദിനത്തിലേക്ക് വിത്തുകള്‍ ശേഖരിച്ച് വാളക്കുളം സ്‌കൂള്‍

തിരൂരങ്ങാടി: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യാനുള്ള വൃക്ഷത്തൈകള്‍ തയ്യാറാക്കുവാനുള്ള വിത്തുകള്‍ വാളക്കുളം കെഎച്ച്എംഎച്ച്എസ്എസിലെ ദേശീയ ഹരിതസേനാംഗങ്ങള്‍ ശേഖരിച്ച് ഹരിത കേരള മിഷന് കൈമാറി. രണ്ട് കോടി തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിലേക്കു തൈകള്‍ തയാറാക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ വിത്തുകള്‍ ശേഖരിച്ചത്.
ചക്ക, മാങ്ങ, കശുവണ്ടി, ഞാവല്‍, അയനിച്ചക്ക, സപ്പോട്ട,  ഇലഞ്ഞി, പുളി, തുടങ്ങിയ ഫലങ്ങളുടെ പതിനായിരത്തിലധികം വിത്തുകളാണ് ഇങ്ങനെ ശേഖരിച്ചത്. നട്ടുപിടിപ്പിക്കുന്ന തൈകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് വര്‍ഷക്കാലം പരിപാലിക്കാനും പദ്ധതിയുണ്ട്.സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. നിബു ടി കുര്യന്‍, എ മുഹമ്മദ് മന്‍സൂര്‍, ഉമ്മര്‍ കോങ്ങത്ത്, പ്രശാന്ത് പങ്കെടുത്തു.

RELATED STORIES

Share it
Top