പരിസ്ഥിതി തകര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന് സിപിഐ

മലപ്പുറം: ആതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ രംഗത്തുവരുന്നു എന്നത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാണ് മുന്നേറേണ്ടത് എന്നും പ്രഖ്യാപിച്ചാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്.
മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ആതിരപ്പിള്ളി പദ്ധതിക്കെതിരേ സിപിഐ ശക്തമായ പ്രതിഷേധം അറിയിച്ചത്. കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലിയാണ് ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന് പ്രചരിപ്പിച്ച് പ്രസ്തുത പദ്ധതി അനിവാര്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്ടര്‍ വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊന്നും അവിടുത്തെ വിലമതിക്കാനാവാത്ത ജൈവ വൈവിധ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ നിര്‍ദിഷ്ട ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കഴിയൂ എന്നും പ്രമേയം പറയുന്നു. നിലവിലുള്ള കണക്കനുസരിച്ച് 1500 കോടി രൂപ മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് വളരെ തുച്ഛമാണ്. പദ്ധതി ആരംഭിക്കുമ്പോള്‍ പ്രഖ്യാപനത്തിലും എത്രയോ അധികമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ചെലവ് വരുന്നത് എന്നത് മറ്റൊരു യാഥാര്‍ഥ്യം. ചാലക്കുടി പുഴയെ നശിപ്പിച്ച് അതിന്റെ തീരത്തെ ലക്ഷക്കണക്കിന് ജനവിഭാഗങ്ങളുടെ ജീവിതം തകര്‍ത്ത് പക്ഷി - ജന്തു ജീവജാലങ്ങളുടെയും മല്‍സ്യങ്ങളുടെയും ആവാസവ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ട് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
പദ്ധതി പ്രദേശത്തെ ആദിവാസി ജനസമൂഹത്തെ പറിച്ചെറിയാതെ ഇത് നടപ്പാക്കാന്‍ കഴിയില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ പദ്ധതിയെക്കുറിച്ച് ഗൗരവത്തില്‍ ആലോചിക്കുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top