പരിസ്ഥിതിലോല മേഖലയില്‍ നിന്ന് തോട്ടങ്ങള്‍ ഒഴിവാക്കി; വനനിയമം അട്ടിമറിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: നിലവിലുള്ള വനനിയമങ്ങള്‍ മറികടന്ന് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ (ഇഎഫ്എല്‍) നിന്ന് തോട്ടങ്ങളെ ഒഴിവാക്കി. ചട്ടം 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേരള ഫോറസ്റ്റ് (വെസ്റ്റിങ് ആന്റ് മാനേജ്‌മെന്റ് ഓഫ് എക്കോളജിക്കലി ഫ്രെജൈല്‍ ലാന്‍ഡ്) ആക്റ്റിന്റെ പരിധിയില്‍ നിന്നു തോട്ടങ്ങളെ ഒഴിവാക്കിയതായാണ് മുഖ്യമന്ത്രി അറിയിച്ചത്.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. തോട്ടങ്ങളുടെ പാട്ടം പുതുക്കിനല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നിയമവകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നിര്‍ദേശിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തും. അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കും. സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുംവിധം ആവശ്യമായ നിയമനിര്‍മാണം നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. റവന്യൂ വകുപ്പ് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലാന്‍ഡ് ലീസ് ആക്റ്റിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും പരിഗണനയിലുണ്ട്.
സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ തോട്ടം മേഖലയുടെ സംരക്ഷണം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും  ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ട തോട്ടം മേഖലയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടികളെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
നിലവില്‍ ഏലം, കാപ്പി, കശുമാവ് മുതലായവ കൃഷി ചെയ്യുന്ന പ്രദേശങ്ങളെ തോട്ടം മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കൂടുതല്‍ സംശയത്തിന് വഴിവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രസ്താവന സര്‍ക്കാരിന് നിയമപരമായി നടത്താന്‍ കഴിയുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കാരണം, നിലവിലുള്ള ഇഎഫ്എല്‍ നിയമം പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതും നിലവിലുള്ള വനനിയമങ്ങള്‍ അനുസരിച്ചുള്ളതുമാണ്. തോട്ടം മേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവ് ദുരുപയോഗം ചെയ്യപ്പെടാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക. വനനിയമങ്ങള്‍ അട്ടിമറിക്കുന്ന തീരുമാനം കോടതിയിലെ കൈയേറ്റക്കേസുകളില്‍ തിരിച്ചടിയാവുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ നീക്കം തോട്ടംമേഖലയിലെ വ്യാജ പ്രമാണക്കാരെ സഹായിക്കാനാണെന്ന് ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്ന മുന്‍ സര്‍ക്കാര്‍ അഭിഭാഷക സുശീല ഭട്ട് പ്രതികരിച്ചു.

RELATED STORIES

Share it
Top