പരിഷ്‌കാരത്തിനിടയിലും റേഷന്‍ കടകളില്‍ അസൗകര്യങ്ങളേറെ

ഇരിക്കൂര്‍: സംസ്ഥാന സര്‍ക്കാറും സിവില്‍ സപ്ലൈസ് വകുപ്പും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിരവധി പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമ്പോഴും റേഷന്‍കടകളിലെ ഭൗതിക സൗകര്യങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. ഗോഡൗണുകളില്‍ നിന്നെടുക്കുന്ന സാധനങ്ങള്‍ മുഴുവനും റേഷന്‍ കടകളില്‍ ഇറക്കിവച്ചാല്‍ ഇവിടത്തെ ജീവനക്കാര്‍ക്ക് ഇരിക്കാനും തിരിയാനും പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. അടച്ചുറപ്പില്ലാത്ത മുറികളിലാണ് പലയിടത്തും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ജീവനക്കാര്‍ കട പൂട്ടിപ്പോയാല്‍ എലികളും പെരുച്ചാഴികളും പാമ്പുകളും കയറുന്ന അവസ്ഥയാണ്. എലിയും പെരുച്ചാഴികളും ഭക്ഷണം തേടിയെത്തുമ്പോള്‍ ഇവയെ പിടികൂടാനാണ് പാമ്പു വര്‍ഗങ്ങളെത്തുന്നത്.
കുറഞ്ഞ വാടകയ്ക്കു ലഭിക്കുന്ന മുറികളിലാണ് റേഷന്‍ കട നടത്തുന്നത്. മുറിയുടെ വാടകയും ജീവനക്കാരന്റെ ശമ്പളവും ഉടമക്ക് കിട്ടുന്ന കമ്മീഷനില്‍ നിന്ന് കൊടുക്കണം. ഇതെല്ലാം കൊടുത്തു കഴിഞ്ഞാ ല്‍ ഷാപ്പുടമക്ക് കാര്യമായ തുക ബാക്കിവരുന്നില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. റേഷന്‍കട വഴി നിത്യോപയോഗ സാധനങ്ങള്‍ കൂടി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആലോചിച്ചിരുന്നെങ്കിലും അവ നടപ്പായിട്ടില്ല.
പലപ്പോഴും ഈ തീരുമാനം ആട്ട, ഗോതമ്പ് പൊടിയില്‍ പരിമിതപ്പെടുകയായിരുന്നു. ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ മുതല്‍ താഴെ തട്ടിലുള്ള റേഷനിങ് ജീവനക്കാര്‍ വരെ ഗ്രാമീണ മേഖലകളിലെ റേഷന്‍ ഷാപ്പുകള്‍ പരിശോധിക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ മാറ്റമുണ്ടാവും. ഗ്രാമീണ മേഖലകളിലെ മുക്കിലും മൂലകളിലും അത്യാധുനിക സൗകര്യങ്ങളോടെ സൂപര്‍ മാര്‍ക്കററുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് വളരെ മോശമായ അവസ്ഥയില്‍ റേഷന്‍ കടകള്‍ മാത്രമാണുള്ളത്.

RELATED STORIES

Share it
Top