പരിശോധന ശക്തമാക്കി വടകര നഗരസഭാ ആരോഗ്യവിഭാഗം

വടകര: നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും മറ്റും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകള്‍ കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് ആഴ്ചയായി ആരോഗ്യ രംഗത്ത് ശക്തമായ ഇടപെടലാണ് ആരോഗ്യ വിഭാഗം നടത്തിയത്. പകല്‍ പരിശോധനകള്‍ക്ക് പുറമെ രാത്രികാലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വൈകുന്നേരങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗത്ത് ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ കച്ചവടം ചെയ്ത ഉന്തുവണ്ടികള്‍ പിടികൂടി അവര്‍ക്ക് നോട്ടീസ് നല്‍കി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് വൈകുന്നേരങ്ങളില്‍ ഉന്തു വണ്ടിയില്‍ കച്ചവടം ചെയ്ത് വരുന്നത്.
പകല്‍ സമയങ്ങളില്‍ മാലിന്യം കൊണ്ടിടുന്ന സ്ഥലങ്ങളില്‍ പരിശോധിച്ച ശേഷം രാത്രിയും ഇവിടങ്ങളില്‍ എത്തി പരിശോധന നടത്തുകയാണ് ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിപ്പിക്കുന്ന എട്ടോളം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല രാത്രികാല പരിശോധനയില്‍ ക്വാര്‍്‌ടേഴ്‌സില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പിടികൂടി ഇവര്‍ക്ക് നോട്ടീസ് നല്‍കി. ഹോട്ടുലുകളിലും മറ്റു അനുബന്ധ സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എട്ടോളം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് പറഞ്ഞു.
മുന്‍ കാലങ്ങളില്‍ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ശക്തമായ നടപടിയെടുക്കുന്നതില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന് വലിയ വീഴ്ചകള്‍ സംഭവിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ നിലവില്‍ പരിശോധനയോടൊപ്പം കണ്ടെത്തുന്ന ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന കര്‍ശന നടപടികള്‍ എടുത്ത് വരികയാണ്.
ഒരു സ്ഥാപനത്തില്‍ പരിശോധന നടത്തി പ്രശ്‌നം കണ്ടെത്തിയാല്‍ തുടര്‍ന്നും അത് പരിഹരിക്കുന്നത് വരെ തുടര്‍ പരിശോധനകളും ഇപ്പോള്‍ ശക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വടകര നഗരസഭ പരിധിയില്‍ മാലിന്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നം ഏറെ നിലച്ചിരിക്കുകയാണ്. മാത്രമല്ല സീറോ വേസ്റ്റ് പദ്ധതിയിലൂടെ വടകര നഗരത്തെ മാലിന്യ മുക്തമാക്കുന്ന പദ്ധതി വലിയ വിജയപടിയിലാണ്.
ഒരു എച്ച്‌ഐ, മൂന്ന് ജെഎച്ച്‌ഐ, മൂന്ന് തൊഴിലാളികള്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെയാണ് സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തുടര്‍ന്നും ഇത്തരം പരിശോധനകള്‍ ശക്തമാനാക്കാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനമെന്ന് നഗരസഭ ആരോഗ്യ വിഭാഗം പറഞ്ഞു. അതേസമയം നഗരസഭയിലെ ചില വാര്‍ഡുകളില്‍ ആരോഗ്യപ്രവര്‍ത്തന രംഗത്തെ നിഷേധാത്മകമായി സ്വീകരിക്കുകയാണെന്നും അരോപണമുണ്ട്. നിയമങ്ങളെ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ചിലര്‍ കൗണ്‍സിലര്‍മാര്‍ അതിനെ ഒത്താശ ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top