പരിശോധന നിലച്ചു; നിയന്ത്രണമില്ലാതെ ടിപ്പറുകള്‍

ആലത്തൂര്‍: രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളില്‍ പൊതു നിരത്തില്‍ ഓടുന്നതിനുള്ള ടിപ്പറുകള്‍ക്കും വലിയഭാര വണ്ടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപ്പാവുന്നില്ല. രാവിലെ ഒമ്പതു മുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ അഞ്ചുവരെയുമാണ് ഇവയ്ക്ക്  നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. പ്രാദേശികമായി പോലിസിന് ഈ സമയത്തില്‍ വ്യത്യാസം വരുത്താന്‍ അധികാരമുണ്ട്. പോലിസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശനമായി ടിപ്പര്‍ ഗതാഗതം സമയക്രമം നടപ്പാക്കിയിരുന്നെങ്കിലും അടുത്തകാലത്തായി അയഞ്ഞ മട്ടാണ്. നിയമം ലംഘിച്ച് വ്യാപകമായി ഇവ തിരക്കേറിയ സമയങ്ങളില്‍ ഓടുന്നുണ്ട്. വലിയ തോതില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമ്പത്തിക സ്വാധീനമുള്ള മെറ്റല്‍ ക്രഷര്‍ ഉടമകളുടെ വാഹനങ്ങളാണ് ഓടുന്നവയിലധികവും. ഇത്തരം വണ്ടികളിലെ െ്രെഡവര്‍മാരില്‍ പലരും ആരേയും വെല്ലുവിളിക്കുന്ന രീതിയുള്ളവരുമാണ്. ചെറു വാഹനങ്ങളെയും ഇരുചക്ര, കാല്‍ നട യാത്രക്കാരെയും അവഗണിച്ച് വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി അമിതവേഗതയിലെത്തുന്ന ഇത്തരം വാഹനങ്ങള്‍ ഭയം ജനിപ്പിച്ചാണ് കടന്നുപോകുന്നത്. ഗ്രാമീണ പാതകള്‍ക്ക് താങ്ങാവുന്നതിലേറം ഭാരം വഹിക്കുന്ന ഇവ പാതകള്‍ക്കുണ്ടാക്കുന്ന നാശവും ചില്ലറയല്ല. പ്രധാന പട്ടണപ്രദേശവും പോലിസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ പരിശോധന ഉണ്ടാകുന്ന സ്ഥലങ്ങളും ഒഴിവാക്കിയാണ് ടിപ്പറും നിരോധന സമയത്ത് പോവുന്നത്.വാഹന പരിശോധന ഉണ്ടെങ്കില്‍ എതിരേ വരുന്നവര്‍ സിഗ്‌നല്‍ കൊടുക്കുമെന്നതിനാല്‍ ഇവര്‍ തല്‍ക്കാലം പാതയോരത്ത് വണ്ടി നിര്‍ത്തിയിട്ട് രക്ഷപ്പെടും. കഴിഞ്ഞ ആറുമാസത്തിനിടെ പത്തോളം അപകടങ്ങള്‍ക്ക് ടിപ്പര്‍ ലോറികള്‍ ഇടയാക്കി. ഇതില്‍ കൂടുതലും  ഗതാഗത നിയന്ത്രണമുള്ള സമയത്തിനു തൊട്ടുമുമ്പോ പിമ്പോ ആയിരുന്നു. നിയന്ത്രണമുള്ള സമയത്തിനുമുമ്പേ പരമാവധി ഓട്ടം പൂര്‍ത്തിയാക്കാന്‍ നത്തുന്ന മരണപ്പാച്ചിലാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. രാവിലെ ഏഴുമുതല്‍ സ്‌കൂള്‍ വാഹനങ്ങള്‍ വ്യാപകമായി ഓടിത്തുടങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വൈകീട്ട് മൂന്നര മുതല്‍ ആറ് മണി വരെയും സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടാവും.

RELATED STORIES

Share it
Top