പരിശോധനയ്‌ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

പുതുനഗരം: പുതുനഗരം വീട്ടിയോട് ഭാഗത്ത് അനധികൃത ഇഷ്ടിക ചൂളയും മണ്ണ് ഖനനവും നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. വില്ലേജ് അധികൃതര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു സ്ഥലം പരിശോധനയ്‌ക്കെത്തിയത്. സംഭവസ്ഥലത്തു നിന്ന് എക്‌സ്‌കവേറ്ററും മണ്ണ് നിറച്ച രണ്ട് ട്രാക്ടറും കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കാന്‍ തയ്യാറായ ഉദ്യോഗസ്ഥരെ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വാഹനം പിടിച്ചെടുക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. അനുമതി ഇല്ലാതെ കൃഷിസ്ഥലത്ത് മണ്ണ് ഖനനവും ഇഷ്ട നിര്‍മാണവും നടത്തരുതെന്ന സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവുകള്‍ മറികടന്നാണ് ഇഷ്ടിക ചൂള പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയമുണ്ട്. കുടിവെള്ളം ഉള്‍പ്പെടെ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സന്ദര്‍ഭത്തില്‍ കൃഷിസ്ഥലത്തെ ഖനനവും ഇഷ്ടിക നിര്‍മാണവും നിര്‍ത്തലാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടുവരികയാണ്.
കൊടുവായൂര്‍, എലവഞ്ചേരി, മുതലമട, കൊല്ലങ്കോട് പ്രദേശത്തും ഒരിടവേളക്ക് ശേഷം ഇഷ്ടിക നിര്‍മാണം സജീവമായിട്ടുണ്ട്. നിര്‍മിച്ച ഇഷ്ടിക അയല്‍ ജില്ലകളിലേക്കാണ് കൊണ്ടു പോകുകയാണ്. മണ്ണ് ഖനനവും ഇഷ്ടിക നിര്‍മാണവും തുടരുന്നതിനാല്‍ ഭൂമിയുടെ പ്രകൃത്യായുള്ള ആവരണം നഷ്ടമായതും കടുത്ത വരള്‍ച്ചക്കും ചൂടിന്റെ കാഠിന്യം കൂടാനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top