പരിശോധനക്കെത്തിയ ഫിഷറീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു

ബേപ്പൂര്‍ : ബേപ്പൂര്‍ മല്‍സ്യബന്ധന തുറുമുഖത്ത് ഫിഷറീസ് ഉദ്യോഗസ്ഥരേയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെയും മല്‍സ്യതൊഴിലാളികളും ബോട്ടുടമകളും ചേര്‍ന്ന് തടഞ്ഞത് വാക്കുതര്‍ക്കങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയാക്കി. ബേപ്പൂര്‍ ഹാര്‍ബറില്‍ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം .
നിരോധനമേര്‍പ്പെടുത്തിയ ചെറുമീനുകളെ വ്യാപകമായി ബോട്ടുകളില്‍ പിടിച്ച് കൊണ്ടുവന്ന് തുറുമുഖതെത്തിച്ചതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധക്ക് എത്തിയ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌റര്‍ പി കെ രഞ്ജിനി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ എസ് എസ് സുജിത്ത് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരെയും പോലീസുകാരെയുമാണ് തടഞ്ഞത് .
ഇന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനാല്‍ ഉള്‍ക്കടലില്‍ മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാ ബോട്ടുകളും മത്സ്യവുമായി ഹാര്‍ബറില്‍ നേരത്തെതന്നെ എത്തിയിരുന്നു .
ഇന്നലെ രാവിലെ ബോട്ടുകളില്‍ നിന്നും മത്സ്യങ്ങള്‍ ജെട്ടിയിലേക്ക് ഇറക്കിവച്ച് വില്‍പന നടത്തുന്നതിനിടയിലാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മിന്നല്‍ പരിശോധനക്ക് എത്തിയത് .പരിശോധനയും തുടര്‍ നടപടികളും അനുവദിക്കുകയില്ലെന്ന തീരുമാനത്തിലായിരുന്നു മല്‍സ്യബന്ധന തുറമുഖത്തെ ബോട്ടുടമകളും അനുബന്ധ തൊഴിലാളികളും പരിശോധനകള്‍ക്കിടയില്‍ നിരവധി ബോട്ടുകളില്‍ നിന്ന് നിരോധിത ചെറുല്‍മല്‍സ്യ ഇനങ്ങളില്‍പെട്ട കിളിമല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍, നടപടികള്‍ കൈകൊള്ളാന്‍ ഒരുങ്ങവെയാണ് ബോട്ടുടമകളും തൊഴിലാളികളും കൂട്ടമായി എത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാാക്യങ്ങളുമായി തിരിഞ്ഞത്.
പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ അല്‍്പം പകച്ചുപോയ ഫിഷറീസ് ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും നടപടി തല്‍ക്കാലം നിര്‍ത്തിവെച്ച് പിന്‍വലിയുകയായിരുന്നു.
ഫിഷറീസ് ഉദ്യോഗസ്ഥരുടെ അന്യായമായ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ കീഴില്‍ ഇന്ന് മുതല്‍ ബേപ്പൂര്‍ ഉള്‍പ്പെടെയുള്ള വിവിധ മത്സ്യ ബന്ധന തുറമുഖങ്ങളില്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നതിന്നിടയില്‍ ഫിഷറീസ് ഉദ്യോഗസ്ഥരുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും പരിശോധനാ നടപടി കൂടുതല്‍ പ്രധിഷേധത്തിനിടയാക്കി.
എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകുന്ന നിയമങ്ങള്‍ നടപ്പാക്കുന്നതിലും ബോട്ടുകള്‍ പരിശോധന നടത്തുന്നതിലും ഉദ്യോഗസ്ഥര്‍ വിവേചനം കാണിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
പ്രതിഷേധത്തെ തുടര്‍ന്ന് ബേപ്പൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അതേസമയം ഇന്നുമുതല്‍ അനധികൃത മീന്‍പിടുത്തത്തിനെതിരെയുള്ള നടപടി കര്‍ശനമായി തുടരുമെന്നും സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് ഇന്നലത്തെ നടപടി തല്‍ക്കാലം അവസാനിപ്പിച്ചതെന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ എസ് സുജിത്ത് പറഞ്ഞു.
RELATED STORIES

Share it
Top