പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണംശാസ്ത്രീയ പഠനത്തിന് ശേഷം പരിഗണിക്കും

തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ച പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണതോത് ഉയര്‍ത്തണമെന്ന ആവശ്യം ശാസ്ത്രീയ പഠനത്തിനു ശേഷമെ പരിഗണിക്കാനാവൂവെന്നു മന്ത്രി എ കെ ബാലന്‍. സമുദായം തിരിച്ചുള്ള കണക്കുകള്‍, സാമൂഹിക, വിദ്യാഭ്യാസ, പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചുവേണം ഇതില്‍ തീരുമാനമെടുക്കാന്‍.
2011ലെ സെന്‍സസിന്റെ ഭാഗമായെടുത്ത സാമൂഹിക, സാമ്പത്തിക സെന്‍സസിലെ സമുദായം തിരിച്ചുള്ള റിപോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു ലഭ്യമാക്കിയിട്ടില്ല. പുതിയ റിപോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമെ സംവരണം സംബന്ധിച്ച് മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളാനാവൂവെന്നും മന്ത്രി പറഞ്ഞു.
ഇവര്‍ക്ക് പട്ടികജാതിക്കാര്‍ക്ക് അനുവദനീയമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍  ഈ വിഭാഗത്തെ പിന്നാക്ക വിഭാഗ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്്. സംസ്ഥാന സര്‍വീസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ രണ്ട് ശതമാനവും മറ്റ് തസ്തികകളില്‍ ഒരു ശതമാനവുമാണു നിലവില്‍ സംവരണം അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ പ്രഫഷനല്‍ വിദ്യാഭ്യാസം, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രവേശനം എന്നിവയ്ക്ക് മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഒരു ശതമാനം വിദ്യാഭ്യാസ സംവരണവും നിലവില്‍ അനുവദിക്കുന്നുണ്ടെന്നും സണ്ണി ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
പ്രത്യേക പിന്നാക്കാവസ്ഥ പരിഗണിച്ച് ഈ വിഭാഗത്തിനു മാത്രമായി സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറഞ്ഞ പലിശനിരക്കില്‍ ലളിതമായ തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പയും അനുവദിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top