പരിയാരം മെഡിക്കല്‍ കോളജ്: സര്‍ക്കാരിന്റേത് തട്ടിപ്പെന്നു കോണ്‍ഗ്രസ്‌

കണ്ണൂര്‍: പരിയാരത്ത് കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് തകര്‍ന്നുപോയെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ആരോഗ്യ മന്ത്രി കെ കെ ശൈലജ പരിയാരം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ നിന്നു വ്യക്തമായത് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലെയുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജായല്ല പരിയാരം പ്രവര്‍ത്തിക്കുകയെന്നാണ്. ഈ നയംമാറ്റം ശുദ്ധ തട്ടിപ്പും ജനവഞ്ചനയുമാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ജില്ലാ കലക്ടര്‍ക്കൊപ്പം മാനേജിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി സിപിഎമ്മിന്റെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കാനുള്ള നടപടിയാണ് നടക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് പെരുമ്പറയടിക്കുന്ന സര്‍ക്കാര്‍ എന്തിനാണ്  ആരോഗ്യരംഗത്ത് ഒട്ടേറെ പരിണിതപ്രജ്ഞരായ ഭരണാധികാരികള്‍ ഉണ്ടായിട്ടും സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ മാനേജിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കണം. പഴയ സൊസൈറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കാനാണെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള ഭരണ സമിതിയുടെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലമുണ്ടായ ഭീമമായ കടം തീര്‍ത്ത് പഴയ സൊസൈറ്റിക്ക് പകരം സിപി എമ്മുകാരെതന്നെ ഭരണം ഏല്‍പിക്കാനുള്ള രാഷ്ട്രീയ തട്ടിപ്പ് ഇപ്പോഴത്തെ നടപടിയിലുണ്ടോയെന്നുസര്‍ക്കാറിന്റെ ചില രീതികള്‍ കാണുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു സ്വാശ്രയ മാനേജ്‌മെന്റുകള്‍ വാങ്ങുന്ന ഫീസ് വാങ്ങുന്നത് എന്തിനാണ്.
ഇങ്ങനെയുള്ള ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കണം. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജാക്കി മാറ്റാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ കാറ്റില്‍പറത്തി വ്യക്തതയില്ലാത്ത രൂപത്തില്‍ വാചകക്കസര്‍ത്ത് നടത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണ്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന സൗജന്യ നിരക്കിലുള്ള മെച്ചപ്പെട്ട ചികില്‍സ ഇവിടെ നിന്നു ലഭിക്കാനുള്ള സാഹചര്യം അടിയന്തരമായി ഉണ്ടാവണം. അതാണ് പൊതുസമൂഹം ആഗ്രഹിക്കുന്നതെന്നു സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top