പരിയാരം മെഡിക്കല്‍ കോളജ്: താല്‍ക്കാലിക ഭരണസമിതി 23ന് ചുമതലയേല്‍ക്കും

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ തുടര്‍നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള ഭരണസമിതി വൈകാതെ നിലവില്‍ വരും.
ഇതിനു മുന്നോടിയായി മൂന്നംഗ താല്‍ക്കാലിക ഭരണസമിതി (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍) ഈ മാസം 23ന് നിലവില്‍ വരും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍, ഡോ. പ്രദീപ് കുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് എംഡി കെ രവിക്ക് ലഭിച്ചു. ഇതോടെ, നിലവിലുള്ള ഭരണസമിതിയുടെ അധികാരം റദ്ദായി. ഈ സാഹചര്യത്തില്‍ സമിതിയുടെ അവസാന യോഗം 21ന് ചേരും.  താല്‍ക്കാലിക ഭരണസമിതിക്ക് ആറുമാസം വരെ തുടരാമെങ്കിലും അതിനു മുമ്പുതന്നെ സ്ഥിരം സമിതി നിലവില്‍ വരും. പുതിയ സാഹചര്യത്തില്‍ രോഗികള്‍ക്ക് എത്രമാത്രം ചികില്‍സാ സൗജന്യം ഏര്‍പ്പെടുത്താമെന്നതു സംബന്ധിച്ചും വിദ്യാര്‍ഥികളുടെ ഫീസ്ഘടന സംബന്ധിച്ചും തീരുമാനമായിട്ടില്ല. ഇതേക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. കെ നാരായണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
റിപോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.  ഓര്‍ഡിനന്‍സിനു മേലുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് നിയമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top